വൈക്കത്ത് അപകടഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റും
1338321
Monday, September 25, 2023 11:21 PM IST
വൈക്കം: വൈക്കം തെക്കേനടയിൽ വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസ് വളപ്പിൽ അപകടഭീഷണിയായി നിൽക്കുന്ന വൻമരം നാളെ മുറിച്ചു നീക്കും.
വൈക്കം താലൂക്ക് ഓഫീസിൽ വൈക്കം തഹസിൽദാർ, നഗരസഭാ ചെയർപേഴ്സൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മരം മുറിച്ചുനീക്കുന്നതിന് തീരുമാനിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചും ഗതാഗതം തടസപ്പെടുത്തിയുമാണ് മരം മുറിച്ചു നീക്കേണ്ടത്. പതിറ്റാണ്ടുകൾ പഴക്കമുള്ളവൻ മരത്തിന്റെ ശാഖകൾ റോഡിലേക്ക് നീണ്ടുനിൽക്കുകയാണ്.
വൈക്കം ഗവ. ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർഥികളും മറ്റും ബസ് കാത്തുനിൽക്കുന്നതും മരത്തിന് എതിർ വശത്താണ്. ഇവിടെ ഏതാനും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. രണ്ടു മാസങ്ങൾക്കു മുമ്പ് തോട്ടുവക്കത്തിനു സമീപം ശക്തമായ കാറ്റിൽ വൃക്ഷശിഖരം വീണ് സൈക്കിളിൽ സഞ്ചരിച്ചിരുന്ന വയോധികന് പരിക്കേറ്റിരുന്നു. വലിയ ശിഖരങ്ങളുമായി റോഡിലേക്ക് പന്തലിച്ചു നിൽക്കുന്ന മരം മുറിച്ചു നീക്കിയില്ലെങ്കിൽ വിദ്യാർഥികളടക്കമുള്ളവർക്കും വഴിയാത്രികർക്കും വ്യാപാരികൾക്കും അപകടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.