ട്രാക്ക് തെറ്റി ചങ്ങനാശേരി ജലോത്സവം
1338320
Monday, September 25, 2023 11:18 PM IST
ചങ്ങനാശേരി: ചങ്ങനാശേരി ജലോത്സവത്തിന്റെ ട്രാക്ക് തെറ്റി. ജലോത്സവം ഈ വര്‍ഷം നടക്കാനിടയില്ല. ജലോത്സവ കമ്മിറ്റി മാസങ്ങള്‍ക്കുമുമ്പുതന്നെ കൂടിയാലോചനകള്‍ നടത്തുകയും ഒക്ടോബര്‍ ആദ്യവാരം ജലോത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ എട്ടിന് ചങ്ങനാശേരി വള്ളംകളി നടത്താനായിരുന്നു ആലോചന. എന്നാല്‍ ജലോത്സവം നടക്കേണ്ടിയിരുന്ന മനയ്ക്കച്ചിറ പുത്തനാറ്റിലെ മാലിന്യം നീക്കാനുള്ള നടപടികള്‍ തടസപ്പെട്ടതോടയാണ് ജലോത്സവത്തിന്റെ ട്രാക്ക് തെറ്റിയത്.
പോളയും പുല്ലും കാട്ടു ചെടികളും മാലിന്യവും നിറഞ്ഞ് മനയ്ക്കച്ചിറ തോട് കാടുമൂടിയ നിലയിലാണ്. എസി റോഡ് നിര്‍മാണം നടക്കുന്നതുമൂലമുള്ള തടസങ്ങളാണ് തോട്ടിലെ മാലിന്യനീക്കത്തെ പ്രതിസന്ധിയിലാക്കിയത്.
ജലോത്സവത്തിനുള്ള ഫണ്ടു കണ്ടെത്താനുള്ള വൈതരണികളും സംഘാടകസമിതിയെ ബുദ്ധിമുട്ടിലാക്കി. ഇതോടെ ജലോത്സവം ഇത്തവണയും മുടങ്ങുമെന്ന സൂചനകളാണ് സംഘാടകരുടെ ഇടയില്‍നിന്നു ലഭിക്കുന്നത്.