നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള യോഗ്യത സഹകരണ വകുപ്പ് നിശ്ചയിക്കുന്നത് അശാസ്ത്രീയമെന്ന്
1338316
Monday, September 25, 2023 11:18 PM IST
ചങ്ങനാശേരി: ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവൃത്തികളില്‍ മുന്‍കൂര്‍ യോഗ്യത സഹകരണ വകുപ്പ് നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് കേരള ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്.
അഞ്ചു കോടിക്ക് മുകളില്‍ അടങ്കല്‍ വരുന്ന ഓരോ പ്രവൃത്തിയും വ്യക്തമായ മുന്‍കൂര്‍ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രവൃത്തിയുടെ നാല്പത് ശതമാനമെങ്കിലും അടങ്കല്‍ തുക വരുന്ന സമാന സ്വഭാവമുള്ള പ്രവൃത്തി നിരാക്ഷേപമായി ചെയ്തിരിക്കണമെന്നതാണ് വ്യവസ്ഥ. ഏറ്റെടുക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനാവശ്യമായ സാമ്പത്തികശേഷി ഉണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.
പൊതുമരാമത്ത് മാനുവലിലെയും സ്റ്റാന്‍ഡാര്‍ഡ് ബിഡ് ഡോക്കുമന്റിലെയും വ്യവസ്ഥകളനുസരിച്ചാണ് മുന്‍കൂര്‍ യോഗ്യത നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി ലേബര്സംഘങ്ങള്ക്ക് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ സഹകരണ വകുപ്പ് പൊതുവായ ഉത്തരവിറക്കുന്നത് ശരിയല്ല.
മുന്‍കൂര്‍ യോഗ്യതാ വ്യവസ്ഥകള്‍ ടെണ്ടറില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരുപോലെ ബാധകമാക്കണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.