കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടതായി പരാതി
1338311
Monday, September 25, 2023 11:13 PM IST
കോട്ടയം: കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ട വനിതാ കണ്ടക്ടർക്കെതിരേ പരാതിയുമായി യാത്രക്കാരനായ വൈക്കം സ്വദേശി.
ഞായറാഴ്ച വൈകുന്നേരം ആറിന് ഏറ്റുമാനൂരിലാണ് സംഭവം കോട്ടയത്തുനിന്നു തലയോലപ്പറമ്പ് കാഞ്ഞിരമറ്റം വഴി വൈററില വരെ പോകുന്ന കെഎസ്ആർടിസി, കോട്ടയം ഡിപ്പോയിലെ ആർസിസി 477 എന്ന ബസിൽ വൈക്കം സ്വദേശിയായ യാത്രക്കാരൻ ഏറ്റുമാനൂരിൽനിന്നും കയറി. ഈ യാത്രക്കാരൻ കയറിയ ഉടൻ ബസിന്റെ മധ്യഭാഗത്തേക്ക് മാറി. പിന്നിൽനിന്ന് വന്ന വനിതകണ്ടക്ടർ അല്പം കൂടി മുന്നോട്ട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു.
ഇതു കേട്ടയാത്രക്കാരൻ ഞാൻ ഇപ്പോൾ ഏറ്റുമാനൂരിൽ നിന്നു കയറിയതേയുള്ളൂവെന്നും കോട്ടയത്തുനിന്നു കയറിവർ ഇപ്പോഴും ഡോറിന് സമീപം നിൽക്കുകയാണല്ലോ എന്നും കണ്ടക്ടറോട് ചോദിച്ചു.
ഇതിൽ ക്ഷുഭിതയായ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ തർക്കമായി. ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ യാത്രക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് ബസ് അല്പം നേരം നിർത്തിയിട്ടു. ഇതിനിടെ മറ്റ് യാത്രക്കാർ ഇടപെട്ടു. ഞങ്ങൾക്ക് പോകേണ്ടതാണ് ബസ് വിടണമെന്ന് യാത്രക്കാർ. ഇയാളെ ഇവിടെ ഇറക്കി വിട്ടാലെ ബസ് വിടുകയുള്ളൂവെന്ന് കണ്ടക്ടറും ബസിൽനിന്ന് ഇറങ്ങില്ലെന്ന് യാത്രികനും ശഠിച്ചു.
പിന്നീട് കണ്ടക്ടർ ഈ നിലപാടിൽ ഉറച്ചു നിൽക്കുകയും യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിടുകയും ചെയ്തു. കണ്ടക്ടറുടെ ഈ നടപടിക്കെതിരേ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് യാത്രക്കാരൻ.