സ്വദേശി ദര്ശന് 2.0 പദ്ധതി രേഖ: യോഗം ചേർന്നു
1338309
Monday, September 25, 2023 11:13 PM IST
കോട്ടയം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദര്ശന് 2.0 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതിനായി കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികള്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്.
കുമരകത്തെ പക്ഷിസങ്കേതം, നാലുപങ്ക് ഹൗസ്ബോട്ട് ടെര്‍മിനല്‍ നൈറ്റ് ലൈഫ് കേന്ദ്രം, ആര്‍പ്പൂക്കരയിലെ കൈപ്പുഴ മുട്ടിലെ ബോട്ട് ടെര്‍മിനല്‍, അയ്മനത്തെ ചീപ്പുങ്കല്‍ കായല്‍ പാര്‍ക്ക് എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതിനായി പരിഗണയ്ക്കായി സമര്‍പ്പിക്കുക. പദ്ധതി രൂപരേഖയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, വിജി രാജേഷ്, അഞ്ജു മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മനോജ് കരീമഠം, റോയി മാത്യൂ കെ.കെ. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.