നഗരമാലിന്യം തള്ളുന്ന അഴുക്കുചാലായി കച്ചേരിക്കടവ്-കോടിമത ജലപാത
1338306
Monday, September 25, 2023 11:13 PM IST
കോട്ടയം: നഗരമാലിന്യം തള്ളുന്ന അഴുക്കുചാലായി പഴയ ബോട്ട് ജെട്ടിയിലെ കച്ചേരിക്കടവ്-കോടിമത ജലപാത. ഒഴുക്ക് നിലച്ചു പോള തിങ്ങിനിറഞ്ഞതോടെ നഗരത്തിന്റെ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ് പഴയ പ്രതാപം പേറുന്ന കൈത്തോട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോട്ടയത്തിന്റെ വാണിജ്യപാത എന്ന നിലയില്‍ അറിയപ്പെട്ടിരുന്നതാണ് കച്ചേരിക്കടവ്-കോടിമത ജലപാത.
കൊടൂരാറില്നിന്നു തെക്കുംഗോപുരം വരെ നീണ്ടുകിടക്കുന്നതായിരുന്നു ഈ ജലപാത. കെട്ടുവള്ളങ്ങളും ബോട്ടുകളും കോട്ടയം നഗരത്തിലേക്ക് എത്തുന്നതിനു നിര്‍മിച്ച ജലപാതയായിരുന്നു.
ഇന്നിത് നഗരത്തിന്റെ മാലിന്യം പേറുന്ന അഴുക്കുചാലായി മാറി. നഗരത്തിലെ അഞ്ച് സ്ഥലങ്ങളില്‍നിന്നുള്ള ഓടകളാണ് ഈ കൈത്തോട്ടിലേക്ക് വന്നുചേരുന്നത്. മലിനജലം വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശുദ്ധീകരിച്ച് ജലസ്രോതസുകളിലേക്കു വിടാനുള്ള പദ്ധതി നഗരസഭ തയാറാക്കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഫയലില്‍ മയങ്ങുകയാണ്.
നേരത്തെ നഗരസഭ 2021ല്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോട് വൃത്തിയാക്കിയിരുന്നെങ്കിലും പിന്നീട് ഇതിനും തടസം നേരിട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തോട് ശുചിയാക്കുമ്പോള്‍ യന്ത്രസഹായം പാടില്ലെന്ന നിബന്ധന ഉണ്ടായി. ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ മലിനമായ തോട്ടില്‍ തൊഴിലാളികളെ ഇറക്കാനും കഴിയില്ല.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള തോട് വൃത്തിയാക്കാന്‍ സര്‍ക്കാരും തയാറാകുന്നില്ല.
തോട് അവസാനിക്കുന്ന ഭാഗത്ത് ടൂറിസം വകുപ്പ് വാട്ടര്‍ഹബ് എന്ന പേരില്‍ മിനി പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതും കാട് കയറിക്കിടക്കുകയാണ്. തോട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഈ ഭാഗത്തേക്കു വിശ്രമത്തിനായി ജനങ്ങളാരും എത്താറില്ല.