ആവശ്യത്തിനു ട്രെയിനുകളില്ല; കോട്ടയംകാര് നോക്കിയിരുന്നു മടുത്തു
1338242
Monday, September 25, 2023 10:23 PM IST
കോട്ടയം: കോട്ടയത്ത് ഇരട്ടപ്പാത വന്നു, രണ്ടു പുതിയ പ്ലാറ്റ്ഫോമുകള് പണിതു, ഷണ്ടിംഗിന് സൗകര്യമായി, വെള്ളം നിറയ്ക്കാന്‍ സംവിധാനമുണ്ട്. ഇതൊക്കെ വന്നെങ്കിലും വേണ്ടിടത്തോളം വണ്ടിയില്ലാതെ കോട്ടയംകാര് വലയുകയാണ്. മധ്യകേരളത്തില്‍ ഏറ്റവുമധികം ട്രെയിന്‍ യാത്രക്കാര്‍ വന്നുപോകുന്നതും വരുമാനം നല്‍കുന്നതുമായ കോട്ടയം സ്റ്റേഷന് വണ്ടികളുടെ കാര്യത്തില്‍ ഇപ്പോഴും വൈകിയോടുകയാണ്.
എറണാകുളത്ത് ഓട്ടം നിറുത്തി ഏറെ സമയം വെറുതെ കിടക്കുന്ന അഞ്ച് ട്രെയിനുകള്‍ കോട്ടയത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ ഏറെ ആശ്വാസമാകും.
കൊച്ചി കണ്ട് മടങ്ങുന്ന വണ്ടികള്‍ എന്തുകൊണ്ട് കോട്ടയംവരെ ഓടിച്ചുകൂടാ എന്നു ചോദിച്ചാല്‍ തീരുമാനം ഡല്‍ഹിയില്‍നിന്ന് വരണം എത്തതാണ് മറുപടി. ഒറ്റപ്പെട്ട ദീര്ഘദൂരവണ്ടികളെക്കാള് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഏതാനും മെമു സര്‍വീസുകളും പാസഞ്ചറുകളുമാണ്.
എറണാകുളത്തുനിന്നു കോട്ടയത്തേക്ക് ട്രെയിനില്ലാത്ത സമയം ചുവടെ:
-രാവിലെ 8.30ന് ഗുരുവായൂര്‍-മധുര എക്സ്പ്രസ് കഴിഞ്ഞാല്‍ എറണാകുളം ജംഗ്ഷനില്‍നിന്ന് 1.35ന് കൊല്ലം പാസഞ്ചര്‍ വരാന്‍ കാത്തിരിക്കണം.
-1.35ന് കൊല്ലം പാസഞ്ചര്‍ കഴിഞ്ഞാല്‍ വൈകുന്നേരം 5.15ന് വേണാട് വരണം.
-രാത്രി 7.40ന് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ് കഴിഞ്ഞാല്‍ രാത്രിവണ്ടി വിരളം
കോട്ടയത്തുനിന്ന് എറണാകുളത്തേക്കും സ്ഥിതി ഇതുതന്നെ:
-രാവിലെ 6.55നു പാലരുവി എക്സ്പ്രസ് കഴിഞ്ഞാല്‍ 8.20ന് വേണാട് വരണം.
-വൈകുന്നേരം 5.15ന് എറണാകുളം പാസഞ്ചറിനുശേഷം രാത്രി 9.30വരെ പാസഞ്ചര്‍ വണ്ടിയില്ല.
-രാത്രി ഒരു മണിക്കുശേഷം രാവിലെ 5.15 വരെ വണ്ടിയില്ല.