സെന്റ് ഡൊമിനിക്സ് കോളജിൽ കേശദാന ക്യാമ്പ് നടത്തി
1338241
Monday, September 25, 2023 10:16 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും മാവേലിക്കര ചേതന ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടേയും തൃശൂർ അമല കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ രോഗം മൂലം തലമുടി നഷ്ടപ്പെട്ട രോഗികൾക്കുവേണ്ടി കോളജ് കാമ്പസിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബി . കോം വൊക്കേഷണൽ അസിസ്റ്റന്റ് പ്രഫ. ആൻസമ്മ ചാക്കോയും കോളജിലെ 22 വിദ്യാർഥിനികളും കൂവപ്പള്ളി ഹോളി എയ്ഞ്ചൽസിലെ വിദ്യാർഥിനിയും ഉൾപ്പെടെ 24 പേർ തലമുടി ദാനം ചെയ്തു. പാറത്തോട് പൊടിമറ്റം ജ്യൂലീസ് ബ്യൂട്ടി പാർലറിലെ ജൂലി നോബിൾ, റോണി ഷീൻ എന്നിവരാണ് സൗജന്യമായി മുടി മുറിച്ച് നൽകിയത്. മുടി ദാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് ഇന്നും മുടി നൽകാമെന്ന് കോളജ് അധികൃതർ അറിയിച്ചു.
30 സെന്റി മീറ്റർ നീളമുള്ള മുടിയാണ് നൽകേണ്ടത്. ഷാംപൂ ചെയ്ത് എണ്ണമയം മാറ്റിയ ഉണങ്ങിയ മുടി മാത്രമേ സ്വീകരിക്കുകയുള്ളു. നരച്ചതോ കളർ ചെയ്തതോ ആയ മുടി സ്വീകരിക്കുന്നതല്ല. മുറിച്ച് എത്തിക്കുന്ന മുടിയും സ്വീകരിക്കുന്നതാണ്. ഫോൺ: 8330068722.