കെജെഎമ്മില് അപൂര്‍വമൊരു സംഗമം പ്രിന്‍സിപ്പല്‍ വീണ്ടും വിദ്യാര്‍ഥിയായി
1338240
Monday, September 25, 2023 10:16 PM IST
കാഞ്ഞിരപ്പള്ളി: എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 27 വര്‍ഷങ്ങള്‍ക്കുശേഷം അത്യപൂര്‍വമായൊരു അധ്യാപക - വിദ്യാര്‍ഥി സംഗമം. 1996 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥികളിലൊരാള്‍ ഇപ്പോള്‍ ഇതേ സ്കൂളിന്റെ പ്രിന്‍സിപ്പലായി വേദിയിലെ വിശിഷ്ട വ്യക്തിയായി.
തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ പഴയ സഹപാഠിയായി കൂട്ടുകാര്‍ക്കൊപ്പം ഇരുന്നു. ഈശോസഭ വിദ്യാലയമായ കാഞ്ഞിരപ്പള്ളി എകെജെഎമ്മിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പല രാജ്യങ്ങളിലും പല പദവികളിലും നിന്നാണ് പുനര്സമാഗമത്തിനെത്തിയത്.
പൈലറ്റ്, ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങി പല തലങ്ങളില്പ്പെട്ടവര്ക്കൊപ്പം പഴയ ഹൈസ്കൂള്‍ സഹപാഠിയായി പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന് പീടികമല എസ്ജെയും സായൂജ്യനായി.
പഴയ ക്ലാസ്മുറികളിലും കാലം അടയാളങ്ങളെ സമ്മാനിച്ച തിരുമുറ്റത്തും ചാപ്പലിലും മൈതാനത്തും കൈകോര്‍ത്തും കെട്ടിപ്പിടിച്ചും മുപ്പതോളം പേര് നടന്നു. പഴയ അധ്യാപകരെ ഓര്‍മിക്കാന്‍ ജനാലയിലൂടെ സ്റ്റാഫ് റൂമിലേക്ക് എത്തിവലിഞ്ഞു അവരുടെ പതിവ് ഇരിപ്പിടങ്ങളിലേക്ക് നോക്കി.
അധ്യാപകരില്‍ പലരും മണ്മറഞ്ഞ ഓര്‍മയില്‍ ചിലരുടെ കണ്ണുകള്‍നിറഞ്ഞു. കാമ്പസിലൂടെ നടന്നവര്‍ ഫുട്ബോള്‍ മാച്ചുകളുടെ ഓര്മ ആവേശത്തില്‍ മൈതാനത്തിലൂടെ ഓടി. പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന് പൂര്‍വവിദ്യാര്‍ഥിയായി സഹപാഠികള്‍ക്കൊപ്പം കൈകോര്‍ത്തു നടന്നു. ഓര്‍മകളുടെ വേലിയേറ്റത്തില്‍ എത്ര പറഞ്ഞാലും പറഞ്ഞാലും തീരുമായിരുന്നില്ല അവര്‍ക്കെല്ലാം പഴയ സ്കൂള്‍ വീരഗാഥകള്‍.
ഒരു നിര ഗുരുക്കന്മാര് അനുഗ്രവും ആശംസകളുമായി കടന്നുവന്നപ്പോള്‍ പ്രിന്‍സിപ്പലും കൂട്ടുകാരും ഒരിക്കല്‍ക്കൂടി കുട്ടികളായി മാറി. അധ്യാപകരുടെ ശിക്ഷയെയും ശിക്ഷണത്തെയും ശിഷ്യര്‍ നന്ദിയോടെ സ്മരിച്ചു.
ഒരുവട്ടം കൂടി ഓടിയെത്തിയവരുടെ സ്നേഹസംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പുതിയ സ്കൂള്‍ മന്ദിരനിര്മാണത്തിലേക്ക് വലിയ സംഭാവന പൂര്‍വവിദ്യാര്‍ഥികള്‍ വാഗ്ദാനം ചെയ്തു.
പൊന്നാടയും പുരസ്കാരവും ഉള്‍പ്പെടെ ഗുരുവന്ദവും പഴയ അധ്യാപന അനുഭവം പങ്കുവയ്ക്കലുമായി ഒത്തുചേരല്‍ വര്‍ത്തമാനം രാത്രി വൈകുവോളം നീണ്ടു.