ദേശീയപാതയിലെ അപകട വളവുകൾ നിവർത്തണം
1338239
Monday, September 25, 2023 10:16 PM IST
പൊൻകുന്നം: ദേശീയപാത 183ൽ അപകടം പതിയിരിക്കുന്ന കൊടും വളവുകൾ നിവർത്തി ഓടയും നടപ്പു വഴിയും നിർമിക്കണമെന്ന ആവശ്യം ശക്തമായി. പൊൻകുന്നത്തിനും വാഴൂരിനും ഇടയിൽ നിരവധി അപകട വളവുകളാണുള്ളത്.
വാഴൂരിൽ ഇളംമ്പള്ളി, പതിനെട്ടാം മൈൽ, പത്തൊന്പതാംമൈൽ, കടുക്കാമല, പുളിക്കപ്പട്ടി, ചിറക്കുഴിപ്പടി, എന്നിവിടങ്ങളിലാണ് കൂടുതൽ വളവുകൾ ഉള്ളത്.
റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ സംരക്ഷണ ഭിത്തിയിലും കാട് വളർന്നുനിൽക്കുന്നതിനാൽ ഡ്രൈവർമാർക്ക് എതിരേ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. ഈ മേഖലകളിൽ ഒരിടത്തും ഓടയും നടപ്പുവഴിയും ഇല്ല.
ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയ പാതയിലൂടെ ചീറിപ്പായുന്നത്. അപകടപാതയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള വഴിയാത്രക്കാർക്ക് വാഹനങ്ങൾ വരുന്ന സമയത്ത് കടന്നു പോകാൻ കഴിയാതെ റോഡ് ചേർന്നാണ് വാഹനങ്ങൾ കൊടുംവളവുകളിൽ കടന്നു പോകുന്നത്.
മുൻകാലങ്ങളിൽ നിരവധി അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലേറെ പേർക്ക് പരിക്കുപറ്റിയവരുമുണ്ട്. എത്രയും വേഗം എൻഎച്ച് 183ലെ അപകടവളവുകൾ നിവർത്തി അപകടം ഒഴിവാക്കാനും പാതയുടെ ഇരുവശങ്ങളിലും നടപ്പാതയും ഓടയും നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.