എലിക്കുളം സംസ്ഥാനത്തെ മികച്ച വയോജനക്ഷേമ പഞ്ചായത്ത്
1338236
Monday, September 25, 2023 10:16 PM IST
കൂരാലി: വയോജനങ്ങളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കിയ മികവിൽ എലിക്കുളം പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച വയോജനക്ഷേമ പഞ്ചായത്തെന്ന പദവിയിലേക്ക്. സാമൂഹികനീതി മന്ത്രി ആർ. ബിന്ദുവാണ് 2023ലെ അവാർഡ് പ്രഖ്യാപനം നടത്തിയത്. അൻപതിനായിരം രൂപയാണ് അവാർഡ് തുക.
5342 വയോജനങ്ങളാണ് എലിക്കുളം പഞ്ചായത്തിലുള്ളത്. നിറവ് @ 60 പ്ലസ് എന്ന കൂട്ടായ്മ പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ച് ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ 16 വാർഡിലും വയോജനക്യാമ്പുകളും അവയുടെ മേൽനോട്ടത്തിനായി പഞ്ചായത്ത് തലത്തിൽ സമിതിയുമുണ്ട്. ഇവരുടെ നിയന്ത്രണത്തിൽ ആറു പകൽവീട് വയോജനങ്ങൾക്കായി വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
വയോജന കലാകായികമേള, വിനോദയാത്രകൾ, മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം എന്നിവയും നടപ്പാക്കിയ പഞ്ചായത്താണ് എലിക്കുളം. വയോജനസൗഹൃദമാക്കിയതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും ലഘുഭക്ഷണവും സൗജന്യ രക്തസമ്മർദ, പ്രമേഹ പരിശോധനകളും നടപ്പാക്കി.
കൂടാതെ എല്ലാ ചൊവ്വാഴ്ചയും കൗൺസലിംഗ്, പഞ്ചായത്ത് ഓഫീസിൽ പോലീസ് ഹെൽപ് ഡെസ്ക് എന്നിവയുമുണ്ട്.
കിടപ്പുരോഗികളായ 76 വയോജനങ്ങൾക്ക് ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. വയോജന, ഭിന്നശേഷി ഗായകരെ ഉൾക്കൊള്ളിച്ച് മാജിക് വോയ്സ് എന്ന ഗാനമേള ട്രൂപ്പും ശ്രദ്ധ നേടിയ പദ്ധതിയാണ്.
അർബുദ രോഗികൾക്ക് സൗജന്യമരുന്ന്, വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്നിവ കൂടാതെ എല്ലാ വയോജനങ്ങൾക്കും ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ എന്നിവ ഉപയോഗിച്ച് ആശാവർക്കർമാർ എല്ലാ ആഴ്ചയും വീടുകളിലെത്തി പരിശോധന നടത്തുന്നുമുണ്ട്.