കടുത്തുരുത്തി മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 19 കോടി അനുവദിച്ചു
1338198
Monday, September 25, 2023 2:47 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതും തകര്ന്നുകിടന്നിരുന്നതുമായ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 19 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തിയിലെ 60 റോഡുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ നടപടിയായത്.
കടുത്തുരുത്തി മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, കുറവിലങ്ങാട്, തലയോലപ്പറമ്പ് പിഡബ്ല്യുഡി സെക്ഷനുകള്ക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തെ കരാറില്‍ വിവിധ റോഡുകള്‍ സംയുക്തമായി ഉള്‍പ്പെടുത്തി ക്ലസ്റ്ററുകളായിട്ടാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ഓരോ റോഡിനും പ്രത്യേകം ഫണ്ട് അനുവദിക്കുന്നതിനു പകരം ഒരു ഗ്രൂപ്പായി വിവിധ റോഡുകള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് രൂപവത്കരിച്ചിരിക്കുന്നത്.
കടുത്തുരുത്തി സെക്ഷന്റെ കീഴില്‍ 253 ലക്ഷം രൂപയുടെ ആദ്യഘട്ട ഭരണാനുമതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡുകള്‍: കുറുപ്പന്തറ-കാപ്പുന്തല, കല്ലമ്പാറ-കുറുമുള്ളൂര്‍ പള്ളിത്താഴം - ഓണംതുരുത്ത്, തോട്ടുവാ- വിളയംകോട് -ചായംമാക്ക്, കോതനല്ലൂര്‍ -പാറപ്പുറം ഗുരുമന്ദിരം-റെയില്‍വേ ഗേറ്റ്, വെമ്പള്ളി-കോതനല്ലൂര്‍, ഓമല്ലൂര്‍ - ഇലയ്ക്കാട്, മാഞ്ഞൂര്‍സൗത്ത് - പൂവ്വാശേരി - മാന്‍വെട്ടം.