വൈദ്യുതി കരാർ റദ്ദാക്കിയത് സർക്കാർ അന്വേഷിക്കണം: എം.എം. മണി
1338059
Sunday, September 24, 2023 11:59 PM IST
കോട്ടയം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കരാർ റദ്ദാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം മണി എംഎൽഎ.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ 23-ാമത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമ വിരുദ്ധമായാണ് കരാർ ഉണ്ടാക്കിയത്. എങ്കിലും ഈ കരാർ റദ്ദാക്കിയ നടപടി തെറ്റാണ്. ഇത് വൈദ്യുതി ക്ഷാമം ഉണ്ടാക്കും. കരാർ റദ്ദാക്കിയ നടപടി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലാക്കും.
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദമായ അന്വേഷണം നടത്തണം. പുതിയ കരാർ തയാറാക്കുമ്പോഴും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ കേരള പുരസ്കാരവും എം.എം മണി സമ്മാനിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന ഭാരവാഹികൾക്കും നേതാക്കൾക്കുമുള്ള പുരസ്കാരങ്ങളും എം. എം. മണി വിതരണം ചെയ്തു.