പോലീസ് ലാത്തി വീശി: നാട്ടുകാർ തടഞ്ഞുവച്ചു
1337979
Sunday, September 24, 2023 10:11 PM IST
എരുമേലി: ശ്രീനിപുരം കോളനിയിൽ പോലീസും ഒരു സംഘം നാട്ടുകാരും തമ്മിൽ അർദ്ധ രാത്രിയിൽ സംഘർഷം. എസ്ഐ ഉൾപ്പടെ പോലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് സംഭവം. കോളനിയിൽ ഒരു സംഘം യുവാക്കൾ നടത്തിയ ആഘോഷ പരിപാടിക്കിടെ സംഘർഷം ഉണ്ടായത് അറിഞ്ഞാണ് എരുമേലി എസ്ഐ ശാന്തി ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയത്. സംഘർഷം ശാന്തമാക്കാൻ പോലീസ് ലാത്തി വീശി. ഇതിനിടെ സംഘർഷവുമായി ബന്ധമില്ലാത്ത ഒരു യുവാവിന് ലാത്തിയടിയേറ്റു. ഇതേച്ചൊല്ലി നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ എസ്ഐ ഉൾപ്പെടെ പോലീസ് സംഘത്തെ നാട്ടുകാർ വളഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
ലാത്തിയടിയേറ്റ സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്. ഇതിന് ശേഷം ഒരു സംഘം നാട്ടുകാർ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.