സനിഗയുടെ പഠനത്തിന് കെ-ഫോണ്‍ കരുത്തേകും
1337791
Saturday, September 23, 2023 10:44 PM IST
കോട്ടയം: പ്ലസ്ടു വിദ്യാര്‍ഥിയായ പി.എസ്. സനിഗയുടെ പഠനത്തിന് ഇനി കെ-ഫോണ്‍ കരുത്തേകും. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിന്റെ വൈക്കം ബ്ലോക്ക് തലത്തിലുള്ള ആദ്യ കണക്ഷന് ലഭിച്ചതിന്റ സന്തോഷത്തിലാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇരുമ്പുഴിക്കര പടിഞ്ഞാറേപൊക്കനാഴത്ത് വീട്ടില്‍ പി.എസ്. സനിഗ. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് സനിഗയുടെ വീട്ടിലെത്തി കണക്ഷന് കൈമാറി.
എല്ലാ വീടുകളിലും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതിയുടെ കണക്ഷനുകള്‍ ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ കണക്ഷനുകള്‍ കൈമാറും.
പാഠ്യസംബന്ധമായ വിഷയങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തി വിഷയങ്ങളില്‍ കൂടുതല്‍ അറിവുനേടാന്‍ ഇന്റര്‍നെറ്റ് സേവനം സഹായിക്കുമെന്നു സനിഗ പറഞ്ഞു. വൈക്കം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയാണ് സനിഗ. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്തംഗം ജിനു ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.