ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്: ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം
1337786
Saturday, September 23, 2023 10:44 PM IST
തലയോലപറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നു പണം തട്ടിപ്പുനടത്തി ഒളിവിൽപ്പോയ വനിതാ ജീവനക്കാർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സ്വർണ പണയത്തിലും പ്രോമിസറിനോട്ടിന്റെ അടിസ്ഥാനത്തിലും പണമിടപാടു നടത്തുന്ന ഉദയംപേരൂർ തെക്കേ പുളിപ്പറമ്പിൽ പി.എം. രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോൾഡ്ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് 42.72 ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്നാണ് പരാതി. സ്ഥാപന ഉടമയുടെ പരാതിയിൽ ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയായ പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു, ഉദയനാപുരം വൈക്കപ്രയാർ സ്വദേശിനി ദേവിപ്ര ജിത്ത് എന്നിവരുടെ പേരിൽ വഞ്ചനാ കുറ്റത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇവരുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നു കാര്യക്ഷമമായി നടക്കും. ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്വർണവായ്പക്കാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ കൊടുത്തതുക കഴിഞ്ഞ ഏപ്രിൽ മുതൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. വായ്പ തുക തിരിച്ചടച്ച 19 പേരിൽനിന്നു വാങ്ങിയ 42.72 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പ് സ്ഥാപന ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിലെ സിസി ടിവി ക്യാമറ തകരാറിലാക്കിയെന്നും പരാതിയുണ്ട്.
കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സിപിഎം തലയോലപറമ്പ് ലോക്കൽ കമ്മറ്റി മുൻ അംഗമാണ്. സാമ്പത്തിക തിരിമറിയുടെ പേരിൽ ആറുമാസങ്ങൾക്ക് മുമ്പ് അനന്തനുണ്ണിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം നേതൃത്വം പറയുന്നു.
തട്ടിയെടുത്ത പണം കൃഷ്ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. ഒരു വർഷത്തിനുള്ളിൽ വിവിധ ബാങ്കുകളിലായി കൃഷ്ണേന്ദു 10 കോടി രൂപയിലധികം ഇടപാടു നടത്തിയിട്ടുണ്ടെന്ന് സ്ഥാപന ഉടമ രാകേഷ് ആരോപിച്ചു.