ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉന്നം തെറ്റി; വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു
1337785
Saturday, September 23, 2023 10:37 PM IST
ചിങ്ങവനം: നാട്ടകം പോളിടെക്നിക്കിന് പിന്‍വശത്തുള്ള ജില്ലാ റൈഫിൾസ് അസോസി യേഷന്റെ ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തില്‍നിന്നു വെടിയുണ്ട ഉന്നംതെറ്റി സമീപത്തെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. സമീപത്തെ ബിന്ദുനഗറില് സോണിയുടെ വീടിന്റെ ജനല്ച്ചില്ലാണ് തകർന്നത്.
ഈ സമയം സോണിയുടെ മകള്‍ മുറിക്കുള്ളിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടി വീട്ടുകാരെ വിളിച്ചതിനെത്തുടര്‍ന്ന് അമ്മയെത്തിയപ്പോഴാണ് വെടിയുണ്ട മുറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്. സംഭവത്തെത്തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി.
രണ്ടു വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ഉന്നം തെറ്റി വെടിയുണ്ട എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഷോറൂമിന്റെ വാതിലിലെ ഗ്ലാസില്‍ കൊണ്ടിരുന്നു. അന്ന് അപകടമൊഴിവായത് തലനാരിഴയ്ക്കാണ്. ഇവിടത്തെ പരിശീലന കേന്ദ്രത്തിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അവയൊക്കെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മീറ്ററുകള്‍ക്കുള്ളില്‍ പോളിടെക്നിക്കും നിരവധി വീടുകളും ഉള്ളതിനാല്‍ അപകടസാധ്യത ഏറെയെന്നാണ് നാട്ടുകാര്‍ പറയുന്നത്.