അന്താരാഷ്ട്ര ധനകാര്യസ്ഥാപന മേധാവിയായി കാഞ്ഞിരപ്പള്ളി സ്വദേശി
1337782
Saturday, September 23, 2023 10:37 PM IST
കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി മലയാളി യുവാവ് നിയമിതനായതു ജില്ലയ്ക്ക് അഭിമാനമായി. യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (ഇബിആർഡി) ഇൻഫർമേഷൻ ടെക്നോളജിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായ സുഭാഷ് ചന്ദ്ര ജോസ് കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ തോമസ് കല്ലമ്പള്ളിയുടെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ത്രേസിക്കുട്ടി കല്ലമ്പള്ളിയുടെയും മൂത്ത പുത്രനാണ് സുഭാഷ് ചന്ദ്ര ജോസ്.
യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് 1991ൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ്. 2018 ജൂലൈ 11 മുതൽ ഇന്ത്യ ഇബിആർഡി അംഗമാണ്. 179 പെയ്ഡ്-ഇൻ ഷെയറുകളും 807 വിളിക്കാവുന്ന ഓഹരികളും അടങ്ങുന്ന 986 ഓഹരികൾ സബ്സ്ക്രൈബ് ചെയ്തുകൊണ്ട് ഇന്ത്യ ഇബിആർഡിയുടെ 69ാമത്തെ അംഗമായി.
ബാങ്കിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) പ്രവർത്തനങ്ങളുടെയും ഡിജിറ്റൽ ലക്ഷ്യങ്ങളുടെയും ഉത്തരവാദിത്വം സുഭാഷ് ചന്ദ്ര ജോസിനായിരിക്കും. സെപ്റ്റംബർ 12ന് അദ്ദേഹം സ്ഥാനമേറ്റെടുത്തു. ഇബിആർഡിയിൽ ഈ ഉന്നത പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ പൗരൻ കൂടിയാണ് ഇദ്ദേഹം. അടുത്തിടെ വിരമിച്ച റിച്ചാർഡ് വില്യംസിന്റെ പിൻഗാമിയാണ് ഇദ്ദേഹം.
ഐടി, ട്രാൻസ്ഫോർമേഷൻ പ്രൊഫഷണലാണ് സുഭാഷ് ചന്ദ്ര ജോസ്. യൂറോപ്പിലുടനീളം വിവിധ ഐടി നേതൃത്വ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഐഎൻജി ഗ്രൂപ്പിൽനിന്ന് ഇബിആർഡിയിൽ ചേർന്നു. അതിനുമുമ്പ് ടാറ്റ കൺസൾട്ടൻസി സർവീസസിൽ ദീർഘനാൾ പ്രവർത്തിച്ചു. കരിയറിൽ നിരവധി വ്യവസായ അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കോട്ടയത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദവും നേടി. ഭാര്യ: ജീസ്. മക്കൾ: ഹന്നാ തെരേസ്, നദാനിയേൽ, ജോവാൻ, തിമോത്തി.