തേന്‍ സംസ്കരണ യൂണിറ്റിലൂടെ വിജയം കൊയ്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1337781
Saturday, September 23, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച പെട്ടികളിലൂടെ ലഭിക്കുന്ന തേന്‍ സംസ്കരിച്ച് വിപണിയിലെത്തിച്ച് വിജയം കൊയ്യുകയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സുരഭി എപ്പികള്‍ച്ചര്‍ യൂണിറ്റിലെ വനിതകളുടെ നേതൃത്വത്തിലാണ് സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വരിക്കാനി ജംഗ്ഷനിലാണ് സംസ്കരണ യൂണിറ്റ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന തേനിലെ ജലാംശം കളഞ്ഞ് സംസ്കരിക്കുകയാണ് ചെയ്യുക. ഒരു ലിറ്റര്‍ തേന്‍ സംസ്കരിക്കാന്‍ 20 രൂപയാണ് ഈടാക്കുന്നത്.
ഇതു കൂടാതെ നൂറോളം പെട്ടികള്‍ ഇവരുടെ യൂണിറ്റിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന തേനും പുറത്തുനിന്ന് വില്പ്പനയ്ക്കെത്തിക്കുന്നവയെല്ലാം ചേര്‍ത്ത് സുരഭി എന്ന പേരില്‍ വന്‍ തേന്‍ വില്‍ക്കുന്നുണ്ട്. ഒരു ലിറ്ററിന് 350 രൂപയാണ് വില. അന്‍സിയ ഷറഫ്, കെ.എ. ഷാനിമോള്‍, റോസിന ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ ലഭിച്ചു. തേനിനു പുറമെ തേനില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളായ തേന്‍ നെല്ലിക്ക, ഇഞ്ചി തേന്‍ എന്നിവയും ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേന്‍ മധുരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു പഞ്ചായത്തുകളിലെ ഓരോ ഗ്രൂപ്പുകള്‍ക്ക് ഒരു പെട്ടിക്ക് 350 രൂപ വച്ച് 50 പെട്ടികളും തേനീച്ചകളെയും നല്‍കിയിരുന്നു.
തേന്‍ ഉത്പ്പാദനത്തെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷവും തേന്മധുരം പദ്ധതിക്കായി എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തേനില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ കെ.കെ. ഫൈസല്‍ പറഞ്ഞു.