ഭാഗവത സപ്താഹ യജ്ഞം
1337777
Saturday, September 23, 2023 10:35 PM IST
കൂരാലി: ഇളങ്ങുളം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നാളെ മുതൽ ഒക്ടോബർ രണ്ടുവരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. യജ്ഞാചാര്യൻ കെ.ഡി. രാമകൃഷ്ണൻ പുന്നപ്രയുടെ മുഖ്യ കാർമികത്വത്തിലാണ് യജ്ഞം. നാളെ വൈകുന്നേരം 5.30ന് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്. ജയസൂര്യൻ സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യും.
ദേവസ്വം പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിക്കും. മറ്റക്കര ആശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. 26ന് രാവിലെ ഏഴിന് ആചാര്യവരണം, തുടർന്ന് യജ്ഞമണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കുന്നതോടെ പാരായണം ആരംഭിക്കും. യജ്ഞദിവസങ്ങളിൽ രാവിലെ ഗണപതി ഹോമം, 6.30ന് വിഷ്ണു സഹസ്രനാമം, സൂക്തജപങ്ങൾ, ഗ്രന്ഥപൂജ, തുടർന്ന് ഭാഗവത പാരായണം. 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പാരായണം തുടർച്ച.
28ന് ഉച്ചയ്ക്ക് ഉണ്ണിയൂട്ട്, വൈകുന്നേരം 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 29ന് രാവിലെ 10ന് നവഗ്രഹപൂജ, വൈകുന്നേരം 5.30ന് സർവൈശ്യര്യപൂജ. 30ന് രാവിലെ 11.30ന് രുഗ്മിണി സ്വയംവരം. ഒക്ടോബർ ഒന്നിന് രാവിലെ 10ന് മൃത്യുഞ്ജയഹോമം. രണ്ടിന് രാവിലെ 11.30ന് അവഭൃഥസ്നാന ഘോഷയാത്ര, ഉച്ചയ്ക്ക് 1.30 മുതൽ മഹാപ്രസാദമൂട്ട് തുടങ്ങിയവ നടക്കുമെന്ന് ജനറൽ കൺവീനർ വി.കെ. ഉണ്ണികൃഷ്ണൻ നായർ, ദേവസ്വം പ്രസിഡന്റ് കെ. വിനോദ്, സെക്രട്ടറി ഡി.കെ. സുനിൽകുമാർ, കൺവീനർ എം.പി. കേശവൻ നായർ എന്നിവർ അറിയിച്ചു.