സെന്റ് ഡൊമിനിക്സ് കോളജില്‍ ജലസസ്യങ്ങളുടെ പൂന്തോട്ടം
1337774
Saturday, September 23, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജലസസ്യങ്ങളുടെ പൂന്തോട്ടം നിര്‍മിച്ചു. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുക, ജലസസ്യങ്ങളെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൂന്തോട്ടമൊരുക്കിയത്.
എഴുപതോളം ഇനങ്ങളിലുള്ള ജലസസ്യങ്ങളാണ് കോളജ് കെട്ടിടത്തിലെ ടെറസിലെ പൂന്തോട്ടത്തിലുള്ളത്. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ.ആര്.ബി. സ്മിത, ബിഎസ്സി ബോട്ടണി വിദ്യാര്‍ഥികളായ ബിനീഷ, ആഷ്ന റഷീദ്, അഥീന, ശ്രീക്കുട്ടി, റിതിക അജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന വെള്ള, മഞ്ഞ നെയ്യാമ്പലുകള്‍ തുടങ്ങി 30 ഇനങ്ങളിലുള്ള ആമ്പലുകള്‍, ഗ്രീന്‍ ആപ്പിള്‍, വൈറ്റ് പിയോണി, യെല്ലോ പിയോണി, ബുദ്ധ, മിറക്കിള്‍ തുടങ്ങിയ ഇനങ്ങളിലുള്ള 40 ഇനം താമരകളും ഈ ജലസസ്യപൂന്തോട്ടത്തെ ആകര്‍ഷണീയമാക്കുന്നു.
ഇവയ്ക്കൊപ്പം ചെറിയ ബോളില്‍ പോലും നടാന്‍ കഴിയുന്ന ബോള്‍ ലോട്ടസ്, മൊസൈക് പ്ലാന്റ്, വാട്ടര്‍ റോസ് എന്നിവയും പൂന്തോട്ടത്തിലുണ്ട്. കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൈകള്‍ എത്തിച്ചാണ് നട്ടിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പൂന്തോട്ടം സന്ദര്‍ശിക്കുന്നതിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 3.30 മുതല്‍ 4.30 വരെ സൗകര്യമൊരുക്കിയിട്ടുണ്ട്. ലഭ്യമായ ജലസസ്യങ്ങളുടെ തൈകളുടെ വിപണനവും ഇതോടൊപ്പം നടത്തും. ബട്ടർഫ്ലൈ ഗാര്ഡന്, നഗരവനം, ഹെര്‍ബല്‍ ഗാര്ഡന് എന്നിവയും കോളജിലുണ്ട്.