നാമനിര്‍ദേശ പത്രിക തള്ളി പാനലിനെ അട്ടിമറിക്കാൻ ശ്രമമെന്ന്
1337773
Saturday, September 23, 2023 10:30 PM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളി പാനലിനെ അട്ടിമറിക്കാൻ എല്‍ഡിഎഫ് ശ്രമിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളത്തില്‍ ആരോപിച്ചു.
മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിക്കാന്‍ ഡപ്യൂട്ടി രജിസ്ട്രാറുടെ അനുവാദം ആവശ്യമാണെന്ന ചട്ടം കാണിച്ചാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി ജലാല്‍ പൂതക്കുഴിയുടെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിയത്. ഇതേ കാരണത്താല്‍ എല്‍ഡിഎഫ് നേതാക്കളായ രണ്ടുപേരുടെ പത്രികകളും തള്ളിയിരുന്നു. എല്‍ഡിഎഫ് പുറത്തുവിട്ട പാനല്‍ പട്ടികയില്‍ പോലും ഇല്ലാത്തതും ഡെമ്മി സ്ഥാനാര്ഥികളായവരുടെയും പത്രിക തള്ളിയത് വെറും രാഷ്ട്രീയ ന്യായീകരണത്തിന് വേണ്ടി മാത്രമാണെന്ന് യുഡിഎഫ് ആരോപിച്ചു.
സ്ഥാനാര്‍ഥിത്വം നിലനിര്‍ത്തുന്നതിനായി നിയമപരമായി പോരാടുമെന്ന് യുഡിഎഫ് അറിയിച്ചു. ഭേദഗതി ചെയ്യാത്ത ചട്ടപ്രകാരമാണ് പത്രിക തള്ളിയത്. ബാങ്കിലെ അഴിമതികള്‍ പുറത്ത് വരാതിരിക്കുന്നതിനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് തന്റെ പത്രിക തള്ളിയതെന്നും ജലാല്പൂതക്കുഴി ആരോപിച്ചു. യുഡിഎഫ് ചെയര്മാന് ടി.എം. ഹനീഫ, കണ്‍വീനര്‍ സിബി നമ്പുടാകം, ട്രഷറര്‍ സൈനില്ലാബ്ദീന്, ജലാൽ പൂതക്കുഴി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.