മുണ്ടക്കയത്ത് അയൽസംസ്ഥാന നാടോടി, ഭിക്ഷാടന സംഘങ്ങൾ പെരുകുന്നു
1337772
Saturday, September 23, 2023 10:30 PM IST
മുണ്ടക്കയം: മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം കേന്ദ്രീകരിച്ച് നാടോടി ഭിക്ഷാടന സംഘങ്ങൾ പെരുകുന്നു. അഞ്ചു വയസിൽ താഴെയുള്ള പത്തോളം കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം പുത്തൻചന്ത സ്റ്റേഡിയത്തിൽ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസത്തിനടുത്തായെന്ന് പ്രദേശവാസികൾ പറയുന്നു. പകൽ സമയങ്ങളിൽ കുട്ടികളെ ഉപയോഗിച്ച് സമീപത്തെ വീടുകളിൽ ഭിക്ഷാടനം പതിവാണ്. കൂടാതെ ഭക്ഷണം, വസ്ത്രം, ചെരിപ്പ് അടക്കമുള്ള സാധനങ്ങൾ മോഷണം പോകുന്നതായും പുത്തൻചന്ത പ്രദേശവാസികൾ പറയുന്നു.
സ്റ്റേഡിയം കാടായി
പ്രളയത്തിൽ മണിമലയാറ്റിൽ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും പുത്തൻചന്ത സ്റ്റേഡിയത്തിൽ നിക്ഷേപിച്ചതോടെ സ്റ്റേഡിയം ഉപയോഗയോഗ്യമല്ലാതായി മാറിയിരുന്നു. മേഖലയിലെ കായികതാരങ്ങൾക്ക് ഉപകാരപ്രദമായിരുന്ന സ്റ്റേഡിയം ഇതോടെ കാടുകയറി മൂടി. മേഖലയിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാവുകയും ചെയ്തു.
ഈ പ്രദേശമാണ് ഇപ്പോൾ നാടോടി, ഭിക്ഷാടന സംഘങ്ങൾ കൈയടക്കിയിരിക്കുന്നത്. ഇവർ ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം മൈതാനത്തിലെ ചെറിയ സ്റ്റേജിലാണ്. ഇതോടെ സമീപത്തെ കുട്ടികൾക്കു സ്റ്റേഡിയത്തിൽ കളിക്കുന്നത്തിനും മറ്റു വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കാത്ത അവസ്ഥയായി. ഇവിടെ ക്യാമ്പ് ചെയ്യുന്ന സംഘമാണ് കൈക്കുഞ്ഞുങ്ങളുമായി പകൽ സമയങ്ങളിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി ഇറങ്ങി ഭിക്ഷാടനം നടത്തുന്നത്.
തട്ടിപ്പ് പലവിധം
മുണ്ടക്കയം ടൗൺ, 31ാം മൈൽ, കരിനിലം, പൈങ്ങന, ചിറ്റടി തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം സ്ത്രീകളുടെ സാന്നിധ്യം പതിവാണ്. പകൽ സമയങ്ങളിൽ മേഖലയിലെ ഒട്ടുമിക്ക വീടുകളിലും പ്രായമായവരോ സ്ത്രീകളോ തനിച്ചായിരിക്കും ഉണ്ടാവുക. ഇതു മുതലെടുത്താണ് ഭിക്ഷാടന സംഘങ്ങൾ വീടുകൾ കയറിയിറങ്ങുന്നത്. സ്ത്രീകൾ തനിച്ചാണെന്ന് മനസിലാക്കിയാൽ ഭീഷണിയുടെ സ്വരത്തിലുള്ള സംസാരവും ഇവർ പുറത്തെടുക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പോലീസും പൊതുപ്രവർത്തകരും ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ വീടുകളിൽ എത്തുമ്പോൾ പ്രായമായ മാതാപിതാക്കൾ ഇവർക്ക് എന്തെങ്കിലും നൽകി വിടുകയാണ് പതിവ്. കൂടാതെ മലയാളം നല്ല രീതിയിൽ സംസാരിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളും സന്നദ്ധ സംഘടനകൾക്കുള്ള പിരിവ് എന്ന പേരിൽ വീടുകൾ കയറി ഇറങ്ങുന്നുണ്ട്. കൃത്യമായ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിക്കുന്നവരുടെ പക്കൽ നിന്നു ഇവർ വേഗത്തിൽ ഒഴിവായി പോകും. ഇത്തരം സംഘങ്ങൾ വന്നു പോകുന്നതിന് പിന്നാലെ മോഷണവും വർധിക്കുന്നതായി ആക്ഷേപമുണ്ട്.
അനാഥാലയത്തിലെ അന്തേവാസികൾക്കെന്ന പേരിൽ വീടുകൾ തോറും കയറിയിറങ്ങി വസ്ത്രങ്ങൾ ശേഖരിക്കുന്ന സംഘങ്ങളും വർധിക്കുകയാണ്.
പോലീസ് ഇടപെടൽആവശ്യം
വർഷങ്ങൾക്ക് മുമ്പ് മുണ്ടക്കയം ടൗണും പരിസരപ്രദേശങ്ങളും ഭിക്ഷാടന മാഫിയയുടെ പിടിയിലായിരുന്നു. എന്നാൽ, കൃത്യമായ പ്രവർത്തനത്തിലൂടെ ഇത്തരം സംഘങ്ങളെ മേഖലയിൽ നിന്നു ഒഴിവാക്കുവാനും ഇതുവഴി മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാനും പോലീസിന് സാധിച്ചിരുന്നു. എന്നാൽ, വീണ്ടും മേഖലയിൽ അയൽ സംസ്ഥാന ഭിക്ഷാടന സംഘങ്ങൾ പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം സംഭവങ്ങളിൽ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.