കടപ്ലാമറ്റം പഞ്ചായത്തില്‍ ഒരുമയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്നേഹഭവനത്തിന്റെ കട്ടിളവയ്പ് നടത്തി
1337769
Saturday, September 23, 2023 10:30 PM IST
കടുത്തുരുത്തി: ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ ഭവനരഹിതര്‍ക്കുവേണ്ടി നടപ്പിലാക്കുന്ന സ്നേഹഭവനം പദ്ധതിയുടെ അഞ്ചാമത്തെ ഭവനത്തിന്റെ കട്ടിള വയ്പ് നടന്നു.
വയലാ ഇടച്ചേരിയില് പരേതനായ സുധനന്റെ ഭാര്യ ലിഷാമോള്ക്കും ഏകമകളായ ആറാം ക്ലാസ് വിദ്യാര്‍ഥിക്കുമാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. കാളികാവ് സ്വദേശി ഷിജോ കെ.എസ്. നല്കിയ മൂന്നര സെന്റ് സ്ഥലത്താണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. തറയുടെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ വര്‍ഷങ്ങളായി രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന സുധനന് മരിച്ചു. തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു.
കുറവിലങ്ങാട് പഞ്ചായത്ത് മെമ്പര്‍ രമാ രാജു, കടപ്ലാമറ്റം പഞ്ചായത്ത് മെമ്പര്‍ ഷിബു ജോര്‍ജ്, ശശികുമാര്‍ കാളികാവ്, ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, പ്രവര്‍ത്തകരായ ഷാജി അഖില്‍ നിവാസ്, ജോയ് മയിലംവേലി, കെ.പി. വിനോദ്, എം.പ്രസാദ്, ശ്രുതി സന്തോഷ്, സിന്‍ജാ ഷാജി എന്നിവര്‍ പങ്കെടുത്തു.