ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
1337768
Saturday, September 23, 2023 10:30 PM IST
പാലാ: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. വീട്ടമ്മയെ സഹായിക്കാനായി അടുത്ത മാസം എട്ടിന് പഞ്ചായത്തുടനീളം ബഹുജന സമ്പര്‍ക്ക പിരിവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും നേതൃത്വം നല്‍കും. എലിക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട ഉരുളികുന്നം വട്ടക്കുന്നേല്‍ ബിനിക്കാണ് ചികിത്സാ സഹായം വേണ്ടത്.
ഭര്‍ത്താവ് മരണപ്പെട്ട ശേഷം രണ്ടു മക്കള്‍ക്കൊപ്പമായിരുന്നു ബിനിയുടെ താമസം. കുട്ടികളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് ബിനി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നത്.
2018 മുതലാണ് ബിനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.അന്നു മുതല്‍ ചികിത്സ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. കെ. ജയകുമാറായിരുന്നു തുടക്കത്തില്‍ ചികിത്സിച്ചത്. 2022 ആയപ്പോഴേക്കും രണ്ടു വൃക്കകളും തകരാറിലായിരുന്നു. തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യുന്നുണ്ട്.
ബിനിക്ക് വൃക്ക നല്കുവാന് പാലായിലുളള ഒരു കുടുംബ സുഹൃത്ത് തയ്യാറാണ്. എന്നാല്‍ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 15 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. എലിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡു മെംബര്‍ സിനി ജോയി, രണ്ടാം വാര്‍ഡു മെംബര്‍ മാത്യൂസ് പെരുമനങ്ങാട്ട് എന്നിവരും ബിനിയും ചേര്‍ന്ന് ഒരു ജോയിന്‍ അക്കൗണ്ട് പൈക ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 11 15 0 1 0 0 1 0 569 1, ഐഎഫ്എസ്സി FDRL 0 0 0 11 15.
പത്ര സമ്മേളനത്തില്‍ എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയി, പൊതു പ്രവര്‍ത്തകരായ ദീപു ഉരുളികുന്നം, ടോജോ കോഴിയാറുകുന്നേല് എന്നിവര്‍ പങ്കെടുത്തു.