അരീക്കര പുതുവേലി വലിയതോട്; മാതൃകാ പദ്ധതിയുമായി വെളിയന്നൂര്‍
1337767
Saturday, September 23, 2023 10:30 PM IST
വെളിയന്നൂര്‍: വെളിയന്നൂര്‍ പഞ്ചായത്തിലെ അരീക്കര പുതുവേലി വലിയതോട് നവീകരണത്തിന് മാതൃകാ പദ്ധതിയുമായി പഞ്ചായത്ത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം ചെലവഴിച്ചാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. തോട് നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനും പ്രളയസാധ്യത തടയാനുമുള്ള പദ്ധതി ഡിസംബറില്‍ ആരംഭിക്കും.
എട്ടു കിലോമീറ്റര്‍ നീളമുള്ള വലിയതോട് ആഴംകൂട്ടി മാലിന്യങ്ങള്‍ നീക്കം ചെയ്ത് തോടിന്റെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനും ജൈവവൈവിധ്യവും നിലനിര്‍ത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. കാര്‍ഷിക മേഖലയിലും കുടിവെള്ള ലഭ്യതയിലും പഞ്ചായത്തിന് വലിയ സംഭാവന നല്കാന് സാധിക്കുന്ന പദ്ധതിയാണിത്. തോടിന്റെ കരസംരക്ഷണത്തിനായി ഇരു കരകളിലും ഇല്ലി, മുള തൈകളും ടൈഗര്‍ ഗ്രാസ് ഇനത്തില്‍പ്പെട്ട നാര്, വേരുപടലമുള്ള പ്രത്യേക ഇനത്തില്‍പ്പെട്ട പുല്ലും വച്ചുപിടിപ്പിക്കും. ഇതിനാവശ്യമായ തൈകള്‍ തൊഴിലുറപ്പ് പദ്ധതി നഴ്സറികളില്‍ തയാറായിട്ടുണ്ട്. പഞ്ചായത്തിലെ പകുതിയിലേറെ വാര്‍ഡുകളിലെയും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു.