ആഗ്രഹം സഫലമാകുന്നു; തൊഴിലുറപ്പു തൊഴിലാളികളുടെ ആകാശയാത്ര ഇന്ന്
1337766
Saturday, September 23, 2023 10:30 PM IST
ഏറ്റുമാനൂർ: തങ്ങൾ കണ്ട സ്വപ്നം തൊഴിലുറപ്പു തൊഴിലാളികൾ യാഥാർഥ്യമാക്കുന്നു. കാണക്കാരി പഞ്ചായത്ത് വാർഡ് 12 വേദഗിരിയിലെ തൊഴിലുറപ്പു തൊഴിലാളികൾ ഇന്ന് നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് പറക്കും.
28 തൊഴിലാളികളും അവരിൽ ചിലരുടെ കുടുംബാംഗങ്ങളും തൊഴിലുറപ്പു പദ്ധതിയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ 34 പേരാണ് യാത്രാസംഘത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു രാവിലെ 6.45ന് പുറപ്പെടും. ഒരു മണിക്കൂർ വിമാന യാത്ര. പകൽ ബംഗളൂരുവിലെ കാഴ്ചകൾ കണ്ട് വൈകുന്നേരം ട്രെയിനിൽ മടക്കം. വേദഗിരിയിൽ നിന്ന് നെടുമ്പാശേരിക്കുള്ള യാത്രയ്ക്കും ബംഗളൂരുവിലെ കറക്കത്തിനും ബസ് ക്രമീകരിച്ചിട്ടുണ്ട്.
യാത്രാച്ചെലവ് പങ്കിട്ടെടുത്തപ്പോൾ ഓരോരുത്തർക്കും ചെലവാകുന്നത് 4000 രൂപ. തുക അവരവർ തന്നെ വഹിക്കും. കഴിഞ്ഞ വർഷം നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളാണിവർ. ഇവരുടെ ആഗ്രഹ സഫലീകരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, വാർഡ് മെംബർ മേരി തുമ്പക്കര, തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എൻജിനിയർ ഫെബിൻ പുത്തൻപുരയ്ക്കൽ, ഓവർസിയർ ബിജിമോൾ എന്നിവരുടെ സജീവ പിന്തുണയുമുണ്ട്.