ഹൃദയപേശികളില്‍ വിള്ളലുണ്ടായ വീട്ടമ്മയ്ക്ക് അപൂര്‍വ ശസ്ത്രക്രിയ
1337765
Saturday, September 23, 2023 10:30 PM IST
പാലാ: ഹൃദയ പേശികളില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രവിത്താനം സ്വദേശിയായ 57 കാരി വീട്ടമ്മയ്ക്കാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നത്.
രാത്രിയില്‍ വീട്ടില്‍വച്ച് നെഞ്ചുവേദനയും പുറംവേദനയും ഉണ്ടാകുകയും വീട്ടമ്മ തല ചുറ്റി വീഴുകയുമായിരുന്നു. അബോധാവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹൃദയ പേശികള്‍ക്കു ക്ഷതം സംഭവിച്ചതായും വിള്ളലിലൂടെ രക്തം ഹൃദയത്തിനു പുറത്തു കട്ട പിടിച്ചിരിക്കുന്നതായും കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയപേശികളില്‍ ക്ഷതം സംഭവിക്കുകയും അതില്‍ ദ്വാരം വീണു മയോകാര്‍ഡിയല്‍ റപ്ചര്‍ ഉണ്ടാകുകയും ചെയ്യുന്ന വളരെ അപൂര്‍വമായ സംഭവമായിരുന്നു ഇത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മയെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. സി. കൃഷ്ണന്, കാര്‍ഡിയാക് അനസ്തേഷ്യയിലെ സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. പി.എന്‍. നിതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഹൃദയ പേശികളിലുണ്ടായ വിള്ളല്‍ അടച്ചു പൂര്‍വസ്ഥിതിയിലാക്കി. ബൈപാസ് ശസ്ത്രക്രിയയിലൂടെ ഹൃദയ ധമനികളിലെ ബ്ലോക്ക് മാറ്റുകയും ചെയ്തു.
കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. ബിബി ചാക്കോ ഒളരി, അത്യാഹിത വിഭാഗം ഫിസിഷന്‍ ഡോ. വി. വിപിന്‍ലാല്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം കണ്‍സൾട്ടന്റ് ഡോ.അഞ്ജു മേരി ദേവസ്യ എന്നിവരും ചികത്സയുടെ ഭാഗമായി. സുഖം പ്രാപിച്ച വീട്ടമ്മ വീട്ടിലേക്ക് മടങ്ങി.