ടോൾ - പാലാംകടവ് റോഡിലെ കുഴികളടയ്ക്കണം
1337746
Saturday, September 23, 2023 2:24 AM IST
മറവൻതുരുത്ത്: ടോൾ-പാലാംകടവ് റോഡിൽ വൻഗർത്തങ്ങൾ രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം ദുരിതമാകുന്നു. പഞ്ഞിപ്പാലത്തിനു സമീപം മംഗലശേരി ഭാഗത്തും ഐഎച്ച്ഡിപി കോളനി ജംഗ്ഷനിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി മംഗലശേരി ഭാഗത്ത് റോഡിൽ രൂപപ്പെട്ട വൻഗർത്തങ്ങളിലൊന്നിൽ അകപ്പെട്ട കാറിന്റെ റേഡിയേറ്റർ തകർന്നു തെറിച്ചുപോയി.
വെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികർക്കു പരിക്കേൽക്കുന്നതു പതിവാകുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടു തവണ ഇവിടെ കുഴിയടച്ചെങ്കിലും അധികം വൈകാതെ തകർന്നു.
ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയും പലതവണ ഇവിടെ റോഡ് തകർന്നിട്ടുണ്ട്.
ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചതിൽ അപാകതയുണ്ടെന്നാരോപിച്ചു വിജിലൻസിൽ കേസുള്ളതിനാൽ റോഡ് കുറ്റമറ്റതാക്കാൻ പിഡബ്ല്യുഡിക്കുമാകുന്നില്ല.
റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.