മൂന്നു മണിക്കൂറിനുള്ളില്‍ ആല്‍ബിന്റെ പിടിയിലായത് മൂന്ന് പെരുമ്പാമ്പുകള്‍
1337744
Saturday, September 23, 2023 2:24 AM IST
കടുത്തുരുത്തി: മൂന്നു മണിക്കൂറിനുള്ളില്‍ ആല്‍ബിന്റെ പിടിയിലായത് മൂന്ന് പെരുമ്പാമ്പുകള്‍. ഇന്നലെ വൈകുന്നേരം മൂന്നു മുതല്‍ എട്ടു വരെയുള്ള സമയത്താണ് മൂന്ന് പെരുമ്പാമ്പുകളെ ആല്ബിന് പിടികൂടിയത്. മൂന്നിന് കടുത്തുരുത്തി മാന്നാര്‍ മിച്ചഭൂമി ഭാഗത്ത് മീന്കൂടില് കയറിയ അഞ്ച് കിലോയോളം തൂക്കം വരുന്ന പാമ്പിനെയാണ് ആദ്യം പിടികൂടിയത്.
തുടര്‍ന്ന് ഏഴോടെ വെള്ളൂര്‍ പൈപ്പ് ലൈന്‍ ഭാഗത്ത് റോഡ് പണി നടക്കുന്ന ഓടയില്‍നിന്നു രണ്ടാമത്തെ പാമ്പിനെയും. ഈ പാമ്പിനെ പിടികൂടുന്നതിനിടെ മൂന്നാമത്തെ പാമ്പിന്റെ കാര്യമറിയിച്ചുള്ള ഫോണ്‍ വിളിയെത്തി.
വെളിയനാട് ഗവണ്മെന്റ് എല്‍പി സ്കൂളിന് സമീപത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയെന്നുള്ളതായിരുന്നു വിവരം. ഏകദേശം 13 കിലോയോളം വരുന്ന പാമ്പിനൊണ് അവിടെനിന്നു പിടിച്ചതെന്ന് ആല്ബിന് പറഞ്ഞു.
വെള്ളൂരില്നിന്നു പിടികൂടിയ പാമ്പിന് എട്ടു കിലോ തൂക്കം വരും. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ സര്‍പ്പ വോളന്റിയറാണ് ആല്ബിന്. പാമ്പുകളെ ആൽബിന് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമെത്തുന്നവര്‍ക്ക് പാമ്പുകളെ കൈമാറും.