മൂലേക്കടവ് - വാഴമ്പള്ളി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
1337743
Saturday, September 23, 2023 2:24 AM IST
വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ വാഴമ്പള്ളിയെയും -ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവിനെയും ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പുഴയിൽ പാലത്തിനായുള്ള രണ്ടു തൂണുകൾ പൂർത്തിയായി.
മൂന്നാമത്തെ തൂണിന്റെ നിർമാണമാണിപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പുഴയുടെ ഇരുകരകളിലും നിലവിലെ റോഡിലെ സഞ്ചാരത്തെ തടസപ്പെടുത്താതെയാണ് നിർമാണം നടക്കുന്നത്.
കിഫ്ബിയിൽനിന്ന് 25 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. 210 മീറ്റർ നീളമുള്ള പാലത്തിനു 11 മീറ്റർ വീതിയുണ്ടാകും.
ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ സമീപ റോഡിനായി സ്ഥലമേറ്റെടുക്കൽ ഇരുപഞ്ചായത്തുകളിലെയും ജനകീയ സമിതികളുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. ചെമ്പ് പഞ്ചായത്തിൽ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത സൗകര്യം വർധിക്കും.
പാലം പൂർത്തിയായാൽ തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയൻകാവ് വഴി എറണാകുളത്തേക്കു പോകാനാകും.
ഗതാഗതക്കുരുക്കിൽനിന്ന് ഒഴിഞ്ഞ് കിലോമീറ്ററുകൾ ലാഭിക്കാവുന്ന ഒരു എളുപ്പമാർഗമായി ഈ പാലവും പാതയും മാറുന്പോൾ ഏനാദിയുടെ വികസനത്തിനും ആക്കം കൂടും.