സിഐഎസ്സിഇ കായികമേള: വോളിബോള്‍ ടൂര്‍ണമെന്റ് സമാപനം ഇന്ന്
1337729
Saturday, September 23, 2023 2:14 AM IST
മാന്നാനം: ഐഎസ്സി, ഐസിഎസ്സി കുട്ടികളുടെ ദേശീയതല (സിഐഎസ്സിഇ) കായികമേളയുടെ ഭാഗമായി മാന്നാനം കെഇ സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ഇന്നു നടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ - 17, 19 വിഭാഗം മത്സരങ്ങളോടെ പരിസമാപ്തിയാകും.
ഇന്നലെ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ അണ്ടര്‍ - 14 വിഭാഗത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷല്‍ സ്കൂളിനെയും അണ്ടര്‍ - 17 വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ ഫീനിക്സ് പബ്ലിക് സ്കൂളിനെയും അണ്ടര്‍ - 19 വിഭാഗത്തില്‍ മാവേലിക്കര ബിഷപ് മൂര്‍ സ്കൂളിനെയും പരാജയപ്പെടുത്തി മാന്നാനം കെ.ഇ. സ്കൂള്‍ ആണ്‍കുട്ടികളുടെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളായി.
പെണ്‍കുട്ടികളുടെ അണ്ടര്‍ -14 വിഭാഗത്തില്‍ മാന്നാനം കെഇ സ്കൂളിനെ പരാജയപ്പെടുത്തി ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിജയികളായി.
ഇന്നലെ നടന്ന ഫൈനലുകളിൽ ജേതാക്കളായവര്‍ക്ക് മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിന്റെ ബര്‍സാറും മാന്നാനം കെഇ കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഫിലിപ്പ് പഴയകരി സിഎംഐ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇന്നു നടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ - 17, 19 വിഭാഗം മത്സരങ്ങള്‍ക്കുശേഷം സമാപന സമ്മേളനത്തോടെ മൂന്നു ദിവസമായി നടക്കുന്ന കായികമേള സമാപിക്കുമെന്നും ദേശീയ മത്സരത്തിനുള്ള ടീമിന്റെ സെലക്ഷൻ ഇതോടൊപ്പം നടക്കുമെന്നും സിഐഎസ്സിഇ കേരള റീജണ്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് റീജണല്‍ കോ-ഓര്‍ഡിനേറ്ററും എഎസ്ഐഎസ്സി കേരള റീജണ്‍ സെക്രട്ടറിയും മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ജയിംസ് മുല്ലശ്ശേരി സിഎംഐ അറിയിച്ചു.