കോട്ടയം ഗുഡ്സ് ഷെഡ് റോഡ് അടയ്ക്കരുത് റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്കി തോമസ് ചാഴികാടന്
1337726
Saturday, September 23, 2023 2:14 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷന് - ഗുഡ്സ് ഷെഡ് റോഡ് അടയ്ക്കാനുള്ള റെയില്‍വേ അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിട്ടുകണ്ട് തോമസ് ചാഴികാടന് എംപി ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്-മദര്‍ തെരേസ റോഡ് ശബരിമല തീര്‍ഥാടന കാലത്തിനു മുന്‍പ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സനും നല്കി.
റെയില്‍വേ യാര്‍ഡിനും മീനച്ചിലാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ആശ്രയിച്ചുവരുന്ന റെയില്‍വേ ഗുഡ്സ് ഷെഡ് റോഡ് അടച്ചാല്‍ വലിയ ബുദ്ധിമുട്ടുണ്ടാകും.
നിലവില്‍ ഗുഡ്സ് ഷെഡ് റോഡില്‍നിന്ന് ഒന്‍പതു വഴികള്‍ ആരംഭിക്കുന്നുണ്ടെന്നും, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ഗോഡൗണുകള്‍, ഐടിഐ, വികാസ് വിദ്യാലയം, ആരാധനാലയങ്ങള്‍, ഹോസ്റ്റലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വാസഗൃഹങ്ങള്‍ എന്നിവ റോഡില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും നാഗമ്പടത്തിനും കഞ്ഞിക്കുഴിക്കും ഇടയിലുള്ള ഒരു ലിങ്ക് റോഡായി റോഡ് പ്രയോജനപ്പെടുന്നുണ്ടെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നതും നിര്‍മാണം പൂര്‍ത്തിയായിവരുന്നതുമായ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം, പുതിയ പാര്‍ക്കിംഗ് ഏരിയ എന്നിവടങ്ങളിലേക്കുള്ള വഴി ഗുഡ്ഷെഡ് റോഡില്‍ നിന്നാണെന്നും ഈ വഴിയില്‍ വാഹനഗതാഗതം നിരോധിക്കുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നത് രണ്ടാം കവാടത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാത ഇരട്ടിപ്പിക്കല്‍ സമയത്തു മണ്ണിടിച്ചില്‍ മൂലം തകര്‍ന്നുപോയ കോട്ടയം റെയില്‍വേ സ്റ്റേഷനെയും മദര്‍ തെരേസ റോഡിലെ റബര്‍ ബോര്‍ഡ് ജംഗ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് അടിയന്തരമായി പുനര്‍ നിര്‍മിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും റെയില്‍വേ മന്ത്രിയോട് തോമസ് ചാഴികാടന് എംപി ആവശ്യപ്പെട്ടു.
അടുത്ത ശബരിമല തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും എംപി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി ഉറപ്പു നല്കി.
വിഷയങ്ങളില്‍ ആവശ്യമായ തുടര്‍നടപടികള്‍ കൈകൊള്ളുന്നതിന് മന്ത്രിയുടെ ഓഫീസിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (പബ്ലിക് ഗ്രിവന്സസ്) വികാസ് ജെയ്നിനു മന്ത്രി നിര്‍ദേശം നല്കി.