റബര്‍ ബോര്‍ഡ്-നാഗന്പടം വഴിയടച്ച് റെയിൽവേ
1337725
Saturday, September 23, 2023 2:14 AM IST
കോട്ടയം: കോട്ടയം നഗരത്തിലെ യാത്രക്കാര്‍ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട എളുപ്പവഴി റെയില്‍വേ അടച്ചു. കോട്ടയം റബര്‍ ബോര്‍ഡ് മേല്‍പ്പാലത്തിനു സമീപത്തുനിന്നു നാഗമ്പടത്തേക്കുള്ള വഴിയാണ് ഇല്ലാതാകുന്നത്.
പകുതി വഴി റെയില്‍വേ നേരത്തെ പൊളിച്ചു കളഞ്ഞു. ബാക്കി പകുതി വഴിയിലൂടെയുള്ള ഗതാഗതമാണ് ഇപ്പോള്‍ നിരോധിച്ചത്. ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി റബര്‍ ബോര്‍ഡ് മേല്‍പാലത്തിനു സമീപത്തെ റോഡ് കഴിഞ്ഞ മേയ് മാസത്തിലാണ് റെയില്‍വേ പൊളിച്ചത്.
ഒന്നര വര്‍ഷം ആകുമ്പോഴും ഇതു വഴി പുതിയ റോഡ് നിര്‍മിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ പഠനം തുടരുന്നു എന്നായിരുന്നു റെയില്‍വേ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടയിലാണ് നാഗമ്പടം ഭാഗത്തുനിന്നുള്ള പ്രവേശനം തടഞ്ഞത്.
റബര്‍ ബോര്‍ഡ് മേല്‍പാലത്തിനു സമീപത്തുനിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ 300 മീറ്ററിൽ താഴെ യാത്ര ചെയ്താല്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ മേല്‍പ്പാലമെത്തും. മേല്പാലത്തിലൂടെ ഗുഡ്സ് ഷെഡ് റോഡിലെത്താം.
ഇതുവഴി നേരെ പോയാല്‍ നാഗമ്പടത്ത് റെയില്‍വേ മേല്‍പാലത്തിനും മീനച്ചിലാര്‍ പാലത്തിനും മധ്യേ എത്തിച്ചേരാം. എംസി റോഡില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ക്കു ദേശീയപാത 183ലേക്കും തിരിച്ചും സഞ്ചരിക്കാവുന്ന വഴിയാണിത്.
ദേശീയപാത 183ല്‍ കഞ്ഞിക്കുഴിയിലെത്തുന്ന വാഹനങ്ങള്‍ക്ക് അവിടെനിന്നു തിരിഞ്ഞ് റബര്‍ ബോര്‍ഡ് മേല്‍പ്പാലത്തിനു സമീപത്തെത്തി ഈ റോഡ് വഴി നാഗമ്പടത്ത് എംസി റോഡിലുമെത്താം. കാറുകള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ റബര്‍ ബോര്‍ഡ് മേല്‍പ്പാലത്തിനു സമീപത്തെ വഴി ഉപയോഗിച്ചിരുന്നു.
ശബരിമല സീസണ് സമയത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സഞ്ചരിച്ചിരുന്നതും ഈ വഴിയാണ്. ഗുഡ്സ് ഷെഡ് റോഡ് റെയില്‍വേ സ്റ്റേഷനും മീനച്ചിലാറിനും ഇടയില്‍ താമസിക്കുന്നവരുടെയും പ്രധാന വഴിയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായിരുന്ന ഒരു എളുപ്പവഴി റെയില്‍വേ വികസനത്തിന്റെ പേരില്‍ ഇല്ലാതായിരിക്കുകയാണ്.