റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾ നിരവധി: റബര്‍ ബോര്‍ഡ് ചെയര്മാന്
1337569
Friday, September 22, 2023 10:39 PM IST
കോട്ടയം: വിലയിടിവ്, കാലാവസ്ഥാവ്യതിയാനം, കമ്പോളത്തിലെ അസ്ഥിരത, വിദഗ്ധരായ തൊഴിലാളികളുടെ അഭാവം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ റബര്കൃഷിമേഖലയില് നിലനില്‍ക്കുന്നുണ്ടെന്ന് റബര്‍ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. റബര്‍ ബോര്‍ഡിന്റെ 185-മത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ മേഖലയെ ലാഭകരവും സുസ്ഥിരവും ആക്കണമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനതലത്തില്‍ പരിഹാരം കാണേണ്ടതുണ്ടെന്നും ഡോ. ധനാനിയ പറഞ്ഞു. പ്രകൃതിദത്ത റബറിന് ആനുപാതികമായി കോമ്പൗണ്ടഡ് റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രഗവണ്മെന്റിന്റെ നടപടികളെ യോഗം അനുമോദിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റബറുത്പാദന പ്രോത്സാഹനപദ്ധതിയുടെ ആനുകൂല്യം എല്ലാ ചെറുകിട കര്‍ഷകര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ബോര്‍ഡ് യോഗത്തിനു പുറമെ സ്റ്റാഫ് അഫയേഴ്സ് കമ്മിറ്റി, സംഘങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട യോഗം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിറ്റി തുടങ്ങിയ യോഗവും നടത്തി. റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, വൈസ് ചെയര്മാന് കെ.എ. ഉണ്ണികൃഷ്ണന്, അംഗങ്ങളായ എന്‍. ഹരി, പ്രസന്‍ജിത്ത് ബിശ്വാസ്, കെ. വിശ്വനാഥന്, പി. രവീന്ദ്രന്, സി.എസ്. സോമന് പിള്ള, കോര സി. ജി. അനില്‍കുമാര്‍, ജി. കൃഷ്ണകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.എ. ഉണ്ണികൃഷ്ണനെ അടുത്ത ഒരു വര്‍ഷത്തേക്ക് വൈസ് ചെയര്‍മാനായി യോഗം വീണ്ടും തെരഞ്ഞെടുത്തു.