കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു
1337568
Friday, September 22, 2023 10:39 PM IST
കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്സറി സ്കൂളിലെ ഹെല്‍പ്പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്കൂളിലെ ഹെല്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം.
ഭര്‍ത്താവിനൊപ്പം വീട്ടില്‍നിന്നു നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസ് എത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.
കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. മരിച്ച ജോസി അതിരന്പുഴ പൊന്നാറ്റിൽ കുടുംബാംഗമാണ്. ഏകമകന് അഖില്‍ തോമസ് (ദുബായ്). മരുമകൾ: അനു പോൾ.