ആശങ്കയിൽ മലയോരം
1337567
Friday, September 22, 2023 10:39 PM IST
തീക്കോയി: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ തലനാട്ടിലും തീക്കോയിയിലുമുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വ്യാപക നാശനഷ്ടം. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശേരി, വെള്ളികുളം, കാരിക്കാട്, മിഷ്യന്‍കര പ്രദേശങ്ങളിലാണു മണ്ണിടിച്ചിലുണ്ടായത്.
രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച രാത്രിയാണു മേഖലയെ വിറപ്പിച്ച് നാശനഷ്ടമുണ്ടായത്. പല വീടുകളുടെയും സംരക്ഷണഭിത്തി ഇടിഞ്ഞു. നിരവധി കുടുംബങ്ങളുടെ കൃഷിഭൂമിയും കൃഷികളും നശിച്ചു.
വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടു. റോഡുകളിലെ തടസങ്ങള്‍ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു.
വീടുകൾക്ക് നാശനഷ്ടം
ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീട് ഭാഗികമായി തകര്‍ന്നു.
റബര്‍ത്തോട്ടങ്ങളില്‍
വ്യാപക നാശം
തീക്കോയി അട്ടിക്കളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ റബര്‍ത്തോട്ടങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി. മൂന്ന് ഏക്കര്‍ റബര്‍ കൃഷി പൂര്‍ണമായും നശിച്ചു. തോട്ടത്തില്‍പറമ്പില്‍ ബേബിയുടെ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്. മുണ്ടപ്പള്ളില്‍ ഷാജി, കല്ലേക്കുളത് ഷാജി എന്നിവരുടെ റബര്‍ തോട്ടത്തിലോടെ പോയ ഉരുള്‍ മീനച്ചിലാറ്റില്‍ പതിക്കുകയായിരുന്നു.
റോഡുകൾ തകർന്നു
ഉരുളില്‍ അട്ടിക്കളം - കരിക്കാട് റിവര്വ്യുറോഡും കലുങ്കും പൂര്‍ണമായും തകര്‍ന്നു. വെള്ളാനി ആലിപ്ലാവ് റോഡിൽ ഗതാഗത തടസം ഉണ്ടായതോടെ പ്രദേശത്ത് താമസിക്കുന്ന നാലു കുടുംബങ്ങൾ ഒറ്റപ്പെട്ടു.
വിദ്യാര്‍ഥികളും ജോലി കഴിഞ്ഞെത്തിയവരും ഉള്‍പ്പെടെയുള്ളവർ രാത്രിയില്‍ മറ്റ് വീടുകളില്‍ താമസിച്ച് രാവിലെയാണു വീടുകളിലേക്ക് മാറിയത്.
ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു
വെള്ളാനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. കരിപ്പുക്കാട്ടില്‍ സജികുമാറിന്റെ സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. ഏകദേശം രണ്ടുകിലോമീറ്റര്‍ താഴോട്ട് വെള്ളവും കല്ലും മണ്ണും ഒഴുകി തോട്ടില്‍ പതിച്ചു. പ്രദേശവാസിയായ വെയില്‍കാണാംപാറയില്‍ മോഹന്‍ ദാസിന്റെ വീടിന്റെ സമീപത്തൂടെയാണ് ഉരുള്‍ ഒഴുകിയത്. അപകട സമയത്ത് മോഹന്‍ ദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് വീട്ടില്‍നിന്ന് സുജാത ഇറങ്ങി ഓടുകയായിരുന്നു.
കരിപ്പുക്കാട്ടില്‍ രാധാ കൃഷ്ണന്, ഗോപിനാഥന്, ചന്ദ്രശേഖരന്, തങ്കമ്മ, സുനില്‍, മുട്ടത്ത് ഇന്ദിര, ആട്ടുകാട്ട് പുത്തന്‍പുരയ്ക്കല്‍ പ്രീതി ഹരിഹരന്, താന്നിക്കല്‍ സിജോ ജെയിംസ്, മുണ്ടപ്പള്ളിയില്‍ സെബാസ്റ്റ്യന്‍, കല്ലേക്കുളത്ത് ഷാജി, കുളങ്ങര സോജി വര്‍ഗീസ്, ലിബിന് സെബാസ്റ്റ്യന്‍ കുന്നേല്‍, കെ.ജെ. സെബാസ്റ്റ്യന്‍ കളപ്പുരക്കപ്പറമ്പില്‍, ലിബിന് തോട്ടത്തില്‍, എല്‍.എം. ജോസഫ് നടുവത്തേട്ട് എന്നിവരുടെ കൃഷി ഭൂമിയിലാണ് നാശനഷ്ടമുണ്ടായത്. റബര്‍, കുരുമുളക്, കൊക്കോ, കമുക്, കാപ്പി തുടങ്ങിയ കൃഷികള്‍ നശിച്ചു.
ജാഗ്രതാ
മുന്നറിയിപ്പ്
ഇന്ന് രാത്രിയും നാളെയും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അവിടെനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു.
"മാറി താമസിക്കണം'
മലയോര മേഖലയിലെ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ ഇന്നും നാളെയും പ്രത്യേകം സൂക്ഷിക്കണം. മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ അവിടെനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
ഷോണ്‍ ജോര്‍ജ്
ജില്ലാ പഞ്ചായത്ത് അംഗം
‘മഴ തുടരുന്നത് ആശങ്ക'
തലനാട് പഞ്ചായത്തില്‍ എട്ട് ഉരുള്‍ പൊട്ടി. ഏക്കര്‍ കണക്കിനു കൃഷിഭൂമി ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ട്. പ്രദേശത്ത് മഴ തുടരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
രജനി സുധാകരന്
പഞ്ചായത്ത് പ്രസിഡന്റ്
തലനാട്