40 ലക്ഷം മുടക്കില്‍ പാലായിൽ ആധുനിക വാതക ശ്മശാനം
1337563
Friday, September 22, 2023 10:29 PM IST
പാലാ: നഗരസഭ നിര്‍മിച്ച ആധുനിക വാതക ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ നിർമാണം പൂര്‍ത്തിയായിരുന്നുവെങ്കിലും ചെറുതായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നു പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.
നിലവിലുണ്ടായിരുന്ന നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെയാണ് വിപുലീകരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത് . ഇനി മുതല്‍ പൂര്‍ണമായും വായുമലിനീകരണം ഇല്ലാത്തതും പൂര്‍ണമായും എല്‍പിജിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുകയെന്ന് നഗരസഭാദ്ധ്യക്ഷ ജോസിന് ബിനോ പറഞ്ഞു.
നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചെലവേറിയതുമായിരുന്നു. ഇതിനാവശ്യമായ വിറക് കണ്ടെത്തേണ്ടതും വിഷമകരമായിരുന്നു. വിറക് വില വര്‍ധിക്കുന്നതും ചെലവ് വര്‍ധിച്ചു.
ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. ഇപ്പോള്‍ 14 കിലോ എല്‍പിജി ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ മതിയാവും. ഒരേദിവസം നിരവധി മൃതശരീരങ്ങള്‍ എത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് സമയക്കുറവ് ആവശ്യമുള്ള വാതക ശ്മശാനംസ്ഥാപിക്കുന്നതിനുള്ള നടപടി മുന്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ബൈജു കൊല്ലം പമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത്.
നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവര്‍ക്കു വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്.