ശബരിമല പാതയിൽ വെള്ളക്കെട്ട്: മഴയിൽ സംരക്ഷണഭിത്തി തകർന്നു
1337561
Friday, September 22, 2023 10:29 PM IST
മുക്കൂട്ടുതറ: ദിവസവും ഉച്ചയോടെ ശക്തമാകുന്ന മഴ വൈകുന്നേരം രാത്രിയിലും തുടരുന്നതോടെ എരുമേലി വഴി പമ്പയ്ക്കുള്ള ശബരിമല പാതയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് പതിവായി. തകർന്ന നിലയിലായിരുന്ന ഗ്രാമീണ റോഡുകൾ മഴ ശക്തമായതോടെ ഇപ്പോൾ കൂടുതൽ തകർന്ന നിലയിലാണ്. ഇതോടെ ഗതാഗതം അതീവ ദുർഘടമായിരിക്കുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ ചീനിമരം - കെഒടി റോഡിൽ ഉള്ളാട്ട് പടി ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ഇതുവഴി ഗതാഗതം ഭാഗികമാണ്. കരിങ്കല്ലുമുഴി, ചരള എന്നിവിടങ്ങളിൽ പഞ്ചായത്ത് വക റോഡിൽ ശക്തമായ നിലയിലാണ് വെള്ളക്കെട്ട്. ഓട നികന്നത് മൂലം റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. ഈ റോഡിൽ കാൽനട യാത്ര പ്രയാസകരമായി.
കരിങ്കല്ലുമുഴി മുസ്ലിം പള്ളി വഴിയുള്ള റോഡിൽ വെള്ളക്കെട്ട് മൂലം നടന്നുപോകാൻ ബുദ്ധിമുട്ട് ഏറുന്നു. ചരള സ്കൂൾ ഭാഗം മുതൽ പ്രധാന റോഡിൽ എത്തുന്ന ഭാഗം വരെ ശക്തമായ നിലയിലാണ് വെള്ളക്കെട്ട്. ഈ ഭാഗത്തെ കലുങ്ക് അപകട സാധ്യതയിലാണ്. പ്രദേശത്തെ പാറമടയിൽ നിന്നു ശക്തമായ നിലയിൽ വെള്ളം തോട് വഴി എത്തുന്നത് റോഡിലേക്ക് ഒഴുകുന്നു.
തുമരംപാറ, എലിവാലിക്കര, ഇരുമ്പൂന്നിക്കര, ഒഴക്കനാട്, പാത്തിക്കക്കാവ്, ചേനപ്പാടി, പഴയിടം, നേർച്ചപ്പാറ എന്നിവിടങ്ങളിൽ റോഡുകളുടെ തകർച്ച പൂർണമായി. കഴിഞ്ഞയിടെ കല്ലും പാറമട വേസ്റ്റും ഇട്ട തുമരംപാറ റോഡിൽ മഴ മൂലം ഇവയെല്ലാം ഒലിച്ചുപോയ നിലയിലാണ്. ശബരിമല പാതയിൽ കണമല ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വനത്തിൽ നിന്നു വലിയ തോതിൽ മണ്ണും ചെളിയും റോഡിൽ അടിയുകയാണ്. ശബരിമല പാതയിൽ എരുമേലി മുതൽ കണമല വരെ വശങ്ങളിൽ കാടുകൾ വളർന്നതും ഓടകൾ നികന്നതുമാണ് വെള്ളക്കെട്ട് പതിവാക്കിയിരിക്കുന്നത്.