കർഷകർക്ക് ആശ്വാസമായി കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി നിലവിൽ
1337560
Friday, September 22, 2023 10:29 PM IST
എരുമേലി: വിലയിടിവും പ്രകൃതിക്ഷോഭങ്ങളും വന്യമൃഗശല്യങ്ങളും മൂലം കർഷകർ പ്രതിസന്ധികളിലാണ്. കർഷകരെ വലച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളിൽ ആശ്വാസം പകരുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളാകാൻ അവസരമായെന്നു കൃഷി വകുപ്പ്. അപേക്ഷ നൽകേണ്ട അവസാന തീയതി 30 ആണ്.
കേന്ദ്രാവിഷ്കൃത പദ്ധതി
കേന്ദ്രാവിഷ്കൃത വിള ഇൻഷ്വറൻസ് പദ്ധതിയിലാണ് അംഗങ്ങൾ ആകാൻ അവസരം. കാലാവസ്ഥാധിഷ്ഠിതമായ ഈ പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവർഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്ങ്, മധുരക്കിഴങ്ങ്), പയർവർഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ), പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കാണ് പരിരക്ഷ ലഭിക്കുക.
നഷ്ടപരിഹാരം
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കമുക്, കുരുമുളക്, കൊക്കോ), ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തം, മേഘവിസ്ഫോടനം എന്നിവകൊണ്ടുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു.
നഷ്ടമുണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷ്വറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. സഹായത്തിന് 1800-425-7064 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കാലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷൻ
അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.