സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍
1337559
Friday, September 22, 2023 10:29 PM IST
കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനു സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കൽ.
പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്കുന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം, മയക്കു മരുന്നുപോലുള്ള സാമൂഹ്യ തിന്മകള്ക്കെതിരേ ജാഗ്രത ആവശ്യമാണ്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിനു പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം കൊടുക്കണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെബി കോശി കമ്മീഷന്റെ ശിപാര്‍ശകള്‍ ഇതുവരെ നടപ്പാക്കാത്തതില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം തുടങ്ങി വിവിധ പ്രശ്ങ്ങളില്‍ അതിജീവനം ആശങ്കയിലായിരിക്കുന്ന ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ജെബി കോശി കമ്മീഷനെ കാണുന്നത്. ക്രോഡീകരിച്ച അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഇത്തരമൊരു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കിയാല്‍ ക്രൈസ്തവ സമുദായത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്കു പരിഹരമാകുമെന്ന് ഏറെ പേരും കരുതുന്നു. ക്രൈസ്തവ സമുദായവും സാമുദായ നേതൃത്വവും ഏറെ ശുഭ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. സാമ്പത്തിക സാമൂഹിക പരിരക്ഷ ഉറപ്പാക്കാന്‍ ഇത്തരമൊരു കമ്മീഷനെ ഏറെ കാലത്തെ ശ്രമകരമായ അധ്വാനത്തിലാണ് നിയോഗിക്കപ്പെട്ടത്.
അര്‍ഹമായ നീതി, സമസ്തമേഖലയിലും നടപ്പാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ക്രൈസ്തവ സമുദായത്തിന് ഏറെ വേദന ഉളവാക്കുന്നതാണ് റിപ്പോര്‍ട്ട് നടപ്പാക്കാതെ വൈകിപ്പിക്കുന്നത്. ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ജോസ് ആന്റണി അവതരിപ്പിച്ച പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വിദേശ പഠനവും യാഥാർഥ്യവും, മയക്കുമരുന്നിന്റെ മാരക ഭീഷണി, ബിസിനസ് സംരംഭകത്വത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളെ ആസ്പദമാക്കി വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ബിജി ജോര്‍ജ് കനകമംഗലം, എബിന് ജോണ്‍ വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വികാരി ജനറാളും ചാന്‍സിലറുമായ റവ.ഡോ. കുര്യന് താമരശേരി, പാസ്റ്ററൽ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മെര്ലിന് സാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച സിസ്റ്റര്‍ ജിജി പുല്ലത്തിലിനെ സമ്മേളനത്തില്‍ ആദരിച്ചു.