ഇടുങ്ങിയ റോഡില്‍ കല്ലുമായി വന്ന ടിപ്പര്‍ മറിഞ്ഞു, പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
1337538
Friday, September 22, 2023 10:08 PM IST
കുടക്കച്ചിറ: ഇടുങ്ങിയ റോഡില്‍ പാറമടയില്‍ നിന്നു കല്ലുമായി വന്ന ടിപ്പര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട് റോഡിലാണ് ടിപ്പര്‍ മറിഞ്ഞത്. പാറ ഖനനത്തിനെതിരേ സമരരംഗത്തുള്ള നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ടിപ്പറും കല്ലും റോഡില്‍ നിന്നു മാറ്റാനുള്ള ശ്രമം തടയുകയും ചെയ്തു. കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്.
മറിഞ്ഞ ടിപ്പറിന്റെ ഡ്രൈവര്‍ വള്ളിച്ചിറ സ്വദേശി ബേബിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമെന്നതിനാലും സ്കൂള്‍ അവധിയായിരുന്നതിനാലും വിദ്യാര്‍ഥികള്‍ അപകത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെയാണ് ടിപ്പറുകളുടെ നിരന്തരമുള്ള പാച്ചില്‍.
ജനങ്ങളുടെ നിരന്തരമായ മുന്നറിയിപ്പിനെയും സമരത്തെയും അവഗണിച്ചാണ് ഇവിടെ പാറഖനനം നടത്തുന്നത്. വീതികുറഞ്ഞ റോഡില്‍ക്കൂടി കുടക്കച്ചിറ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജീവന് പണയം വച്ചാണ് യാത്ര ചെയ്യുന്നത്. രക്ഷിതാക്കളും അധ്യാപകരും നെഞ്ചിടിപ്പോടെയാണ് കുട്ടികളുടെ വരവും തിരിച്ചുപോക്കും നോക്കിക്കാണുന്നത്. ടിപ്പറുകളെ പേടിച്ച് നാട്ടുകാരാകട്ടെ സ്വന്തം വാഹനങ്ങള്‍ നാലു കിലോമീറ്ററോളം ദൂരം അധികം യാത്രചെയ്താണ് വീടുകളിലെത്തുന്നത്.
സെന്റ് തോമസ് മൗണ്ടിനു താഴെ കുത്തനെ ചെരിവുള്ള പ്രദേശത്തെ പാറഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ടു സര്‍വകക്ഷി പ്രധിഷേധസമരം കരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് നടത്തിയിരുന്നു. കുടക്കച്ചിറ പള്ളി വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ പാറമടയ്ക്കെതിരേ വന്‍ പ്രതിഷേധവുമായി നൂറു കണക്കിന് നാട്ടുകാര്‍ പങ്കെടുത്തിരുന്നു.
പാറഖനനം സമീപത്തുള്ള സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ നിര്‍ത്തി വയ്ക്കണമെന്ന് ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്. അധികാരികള്‍ ഒന്നടങ്കം കുടക്കച്ചിറ ഒന്നാം വാര്‍ഡിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു മുന്ഗ്രാമപഞ്ചായത്തു മെംബര്‍ ജോര്‍ജ് പുളിങ്കാട് പറഞ്ഞു. പാറമടയുടെ സമീപത്തുള്ള വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.