സ്കൂളിലെ ശൗചാലയം പൊളിച്ചതു വിവാദമായി
1337523
Friday, September 22, 2023 4:06 AM IST
ചങ്ങനാശേരി: നഗരസഭാ കാര്യാലയത്തിനടുത്തുള്ള ഗവൺമെന്റ് മുഹമ്മദന്‍സ് യുപി സ്കൂളിലെ ശുചിമുറിയും യൂറിനലും പൊളിച്ചത് വിവാദമാകുന്നു.
സ്കൂളധികൃതരുടെ അനുമതിയില്ലാതെ ഇവ പൊളിച്ചതിനെതിരേ സ്കൂളിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതര്‍ക്കും ചങ്ങനാശേരി പോലീസിലും പരാതി നല്കി. ചൊവ്വാഴ്ച രാവിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളില്‍ എത്തിയപ്പോഴാണ് ശുചിമുറിയും യൂറിനലും പൊളിച്ചനിലയില്‍ കണ്ടെത്തിയത്.
വാക്കാലോ രേഖാ മൂലമോ അറിയിപ്പില്ലാതെയാണ് പെണ്‍കുട്ടികളുടെ രണ്ട് ശുചിമുറിയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ യൂറിനലും പൊളിച്ചുമാറ്റിയതെന്ന് സ്കൂളിലെ പ്രധാനാധ്യാപിക പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കരാറുകാരാണ് ഒരു കെട്ടിടത്തിലായിരുന്ന ശുചിമുറിയുടെയും യൂറിനലിന്റെയും ഇടഭിത്തികള്‍ പൊളിച്ചുമാറ്റിയതെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ശുചിമുറിയും യൂറിനലും പൊളിച്ചതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്.
യൂറിനല്‍ സൗകര്യം ഇല്ലാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളെ സ്കൂളിലേക്കയയ്ക്കാന്‍ രക്ഷിതാക്കള്‍ വൈമനസ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എഇഒ, ഡിഇഒ എന്നിവര്‍ക്കും സ്കൂൾ അധികൃതർ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
സ്കൂളിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി: വാര്‍ഡ് കൗണ്‍സിലര്‍
മാലിന്യം നിറഞ്ഞ് ഉപയോഗപ്രദമല്ലാതെ കിടന്ന കെട്ടിടം വൃത്തിയാക്കി നവീകരിക്കുന്നതിനാണ് ശുചിമുറിയുടെ ഭിത്തികള്‍ പൊളിച്ചുമാറ്റിയതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഉഷ മുഹമ്മദ് ഷാജി പറഞ്ഞത്.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ഈ കെട്ടിടത്തിന്റെ നവീകരണത്തിനു മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു.
നഗരസഭയുടെ അനുമതിയോടെ സ്കൂളധികൃതരോട് ആലോചിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. സ്കൂളിന്റെ വികസനം ലക്ഷ്യമാക്കിയാണ് കെട്ടിട നവീകരണമെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.