വേമ്പനാട്ടുകായലിൽ പോളപ്പായൽ; മത്സ്യ, കക്കാ തൊഴിലാളികൾ പ്രതിസന്ധിയിൽ
1337521
Friday, September 22, 2023 4:02 AM IST
ടിവിപുരം: വേമ്പനാട്ടുകായലിൽ പോളപ്പായൽ നിറഞ്ഞതോടെ മത്സ്യ, കക്കാ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി.
വെച്ചൂർ, തലയാഴം, ടിവി പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, വൈക്കം നഗരസഭ പരിധിയിലെ വേമ്പനാട്ട് കായലിലാണ് പോളപ്പായൽ തിങ്ങിനിറഞ്ഞത്. മത്സ്യത്തൊഴിലാളികൾക്കും കക്കാ തൊഴിലാളികൾക്കും ചെറുവള്ളങ്ങൾ ഇറക്കി കായലിലൂടെ തുഴഞ്ഞു തൊഴിലിനു പോകാൻ പറ്റാത്ത സ്ഥിതിയാണ്.
കായലിൽ നിറഞ്ഞ പോളപ്പായൽ ജലഗതാഗതത്തിനും തടസമായതോടെ തങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ പറയുന്നു.
വഞ്ചിവീടുകൾക്കും ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾക്കും പോളപ്പായൽ യന്ത്ര തകരാർ വരുത്തിവയ്ക്കുകയാണ്. പോളപ്പായൽ നീക്കി ജലഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യ, കക്കാ തൊഴിലാളികൾ ആവശ്യപ്പെട്ടു.