നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു
1337520
Friday, September 22, 2023 4:02 AM IST
തലയാഴം: തലയാഴം വിയറ്റ്നാമിൽ നാലുപേർക്കു തെരുവുനായയുടെ കടിയേറ്റു. തലയാഴം വിയറ്റ്നാം സ്വദേശികളായ ഒറ്റതെങ്ങിൽ ഷാജി (52), വാഴക്കാട് ബിജു, അപ്പു (60) തുടങ്ങിയവർക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ തെരുവുനായയുടെ കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കടയിൽ പോയി വീട്ടിലേക്കു നടന്നുപോകുമ്പോൾ ഇവരെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായ ഇന്നലെ രാവിലെ ചത്തു. വിയറ്റ്നാം കോളനി ഭാഗത്തും തോട്ടകം ഗവൺമെന്റ് എൽപിഎസ്, കുപ്പേടിക്കാവ് ദേവീക്ഷേത്ര പരിസരം എന്നിവടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
നായ കുറുകെ ചാടി ഇരുചക്ര വാഹനയാത്രികർ വീണു പരിക്കേൽക്കുന്നത് പതിവാകുകയാണ്. തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പെടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.