പ്രതിസന്ധിയിലായ രമേശന് സഹായവുമായി അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്ക്കിച്ചനെത്തി
1337518
Friday, September 22, 2023 4:02 AM IST
കടുത്തുരുത്തി: കടയില്‍നിന്നും പണം മോഷണം പോയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ രമേശന് സഹായവുമായി അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്ക്കിച്ചനെത്തി.
കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന ശാരീരിക ന്യൂനതകളുള്ള കല്ലറ സ്വദേശി കളമ്പുകാട്ട് വീട്ടില്‍ രമേശനാണ് ടോണി വര്ക്കിച്ചന് സഹായം നല്‍കിയത്. ഇന്നലെ രമേശന്റെ കടയില്‍ നേരിട്ടെത്തിയാണ് ടോണി, രമേശനു കടയില്‍നിന്നു നഷ്ടപ്പെട്ട തുകയായ 45,000 രൂപ കൈമാറിയത്.
പണയം വച്ചിരുന്ന സ്വര്‍ണം തിരിച്ചെടുക്കാനും അയ്യായിരം രൂപ വീതം രണ്ടു പേര്‍ക്കു നല്‍കാനുള്ളത് കൊടുക്കാനുമായിട്ടാണ് ചിട്ടി പിടിച്ചതെന്നും പണം മോഷ്ടിക്കപ്പെട്ടതോടെ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോളാണ് അച്ചായന്‍സ് ഗോള്‍ഡ് എംഡിയുടെ സഹായം ലഭിച്ചതെന്നും രമേശന് പറഞ്ഞു.
പണം നഷ്ടപ്പെട്ടതോടെ അംഗപരിമിതനായ ഇദ്ദേഹത്തിനുണ്ടായ സങ്കടം മനസിലാക്കിയാണ് താന്‍ സഹായിച്ചതെന്ന് ടോണി പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് രമേശന്റെ അവസ്ഥയറിഞ്ഞതെന്നും ടോണി പറഞ്ഞു. രമേശന്റെ കടയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ തിങ്കളാഴ്ചയാണ് മോഷണം പോയത്.
തലേദിവസം ചിട്ടിപിടിച്ച 45,000 രൂപയാണ് ബാഗിലുണ്ടായിരുന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോള്‍ പണമടങ്ങിയ ബാഗ് കടയില്‍ വച്ചു. പിന്നീട് വൈകുന്നേരം കട അടയ്ക്കാറായപ്പോളാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.