ഇവിടെ വണ്ടികളുടെ നട്ടും ബോള്ട്ടുംവരെ; പൊളിച്ചിട്ടും ഓടുംവണ്ടികള്..!
1337510
Friday, September 22, 2023 3:58 AM IST
കോട്ടയം: ഓടിത്തീര്‍ന്ന വഴികളെ ഓര്‍മിപ്പിക്കുന്ന ഇന്സ്റ്റലേഷനുകളെന്നേ കരുതൂ. ബിനാലേയില്‍ എത്തിയ പ്രതീതി. ഇത് കോട്ടയം പഴയ ബോട്ട് ജെട്ടി റോഡിലെ പഴയ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന കടകളാണ്. ഇവിടെ ഏതുവാഹനങ്ങളുടേയും ഏതു ഭാഗങ്ങളും ലഭിക്കും. ഓരോ കടയും ഓരോ വിഭാഗത്തില്‍ സ്പെഷലൈസ് ചെയ്തവ.
ഒരു കടയില്‍ കാറിന്റെ പാര്‍ട്സുകള്‍ ലഭിക്കുമെങ്കില്‍ അടുത്തതില്‍ ലോറിയുടേതാകും. വാഹനങ്ങളുടെ ചെറിയ നട്ടുകള്ക്കുവരെ ആളുകള്‍ ഈ കടകളെ ആശ്രയിക്കുന്നുണ്ട്. അമ്പതു വര്‍ഷത്തിലേറെയായി കട നടത്തുന്നവരാണ് ഇവിടെയുള്ളത്. കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളും ബാങ്കുകള്‍ ജപ്തി ചെയ്തെടുത്തതും അപകടത്തില്‍ തകര്‍ന്നതുമായ വാഹനങ്ങളാണ് പ്രധാനമായും പൊളിക്കാനെടുക്കുന്നത്.
നിയമപരമായ എല്ലാത്തരം നടപടികള്‍ക്കും ശേഷം മാത്രമേ വാഹനങ്ങള്‍ പൊളിക്കാന്‍ എടുക്കുകയുള്ളൂവെന്ന് കടയുടമയായ നജീബ് പറയുന്നു. ഒരു വാഹനം പൊളിക്കാനെടുത്താല് ആദ്യം ആര്‍ടിഒ വന്ന് പരിശോധന നടത്തും.
പൊളിച്ചശേഷവും ആര്‍ടിഒ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷമേ വില്പനയ്ക്ക് അനുമതിയുള്ളൂ. ഇവിടെ ലഭിക്കാത്ത വാഹന പാര്‍ട്സുകള്‍ ബാംഗളൂരു, കോല്‍ക്കൊത്ത, ഡല്‍ഹി, പാറ്റ്ന തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തിക്കാറുണ്ടെന്നും നജീബ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്തിന്റെ വാണിജ്യ ഹബ് ആയാണ് പഴയ ബോട്ട് ജെട്ടി അറിയപ്പെട്ടിരുന്നത്. ആലപ്പുഴയില്നിന്നുള്പ്പെടെ ആളുകള്‍ ബോട്ടില്‍ കോട്ടയത്തേക്ക് വരുന്നത് പഴയ ബോട്ട് ജെട്ടിയിലെത്തിയായിരുന്നു.
അതിനാല്‍ത്തന്നെ വാഹനങ്ങളുടെ പാര്‍ട്സുകള്‍ തേടിയെത്തുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ഇപ്പോള്‍ കച്ചവടം മോശമാണെന്ന് കടയുടമകള്‍ പറയുന്നു. രാജ്യത്തെ വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിക്കുന്ന സ്ക്രാപേജ് നയം നിലവില്‍ വന്നതോടെ ഈ മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്.