ജലയാനത്തിന്റെ യാതന; വെള്ളത്തില്‍ മുങ്ങിയത് ലക്ഷങ്ങള്‍
1337507
Friday, September 22, 2023 3:58 AM IST
കോട്ടയം: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബോട്ട് കൊടൂരാറിനു സമര്‍പ്പിച്ച് ടൂറിസം വകുപ്പ്. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നീറ്റിലിറക്കിയ എംബി അക്ഷര കൊടൂരാറില്‍ അനാഥമായിക്കിടക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം. കോടിമത ബോട്ട് ജെട്ടിയില്‍ കെട്ടിയിട്ട ബോട്ട് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
എന്ജിന് തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് 2015ല്‍ എംബി അക്ഷര സര്‍വീസ് അവസാനിപ്പിച്ചു. പിന്നീട് ബോട്ടിന് ശാപമോക്ഷം ഉണ്ടായില്ല. എന്ജിന് തകരാര്‍ പരിഹരിക്കാന്‍ ടൂറിസം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. 18 ലക്ഷം രൂപയ്ക്കു നീറ്റിലിറക്കിയ ബോട്ടിന്റെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ഏജന്‍സി ചോദിച്ചത് 54 ലക്ഷം രൂപ. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് 2019ല്‍ ബോട്ട് കോട്ടയം സ്വദേശിക്കു ലീസിന് നല്കി. എന്നാല്‍ കോവിഡ് വന്നതോടെ അദ്ദേഹത്തിനും സര്‍വീസ് നടത്താന്‍ സാധിച്ചില്ല. 2021ല്‍ ബോട്ട് തിരിച്ചേല്‍പ്പിച്ചു. ഇതിനുശേഷം മൂന്നുതവണ ബോട്ട് വിറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന ലേലത്തില്‍ 1.15 ലക്ഷം രൂപയാണ് കൂടിയ തുകയായി രേഖപ്പെടുത്തിയത്. ഇത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്.
കെട്ടിയിട്ടിരിക്കുന്ന ബോട്ട് പലതവണയായി വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അപ്പോഴെല്ലാം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിനിര്‍ത്തി. ഓരോ തവണയും ബോട്ട് ഉയര്‍ത്തുന്നതിന് ഇരുപതിനായിരം രൂപയോളം ടൂറിസം വകുപ്പിന് ചെലവാണ്. പത്തു ദിവസം മുന്‍പ് ഉയര്‍ത്തിയ ബോട്ട് വീണ്ടും വെള്ളത്തില്‍ മുങ്ങി. ഇതോടെ ഇനിയും ബോട്ട് ഉയര്‍ത്തേണ്ടെന്ന നിലപാടിലാണ് ടൂറിസം വകുപ്പ്.
വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2009ല്‍ നീറ്റിലിറക്കിയതാണ് എംബി അക്ഷര. ആറുവര്‍ഷം മാത്രമാണ് ബോട്ട് സര്‍വീസ് നടത്തിയത്.