ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പ്; ഒരുമാസത്തിനിടെ 26 കേസുകള്‍
1301673
Sunday, June 11, 2023 2:16 AM IST
കോട്ടയം: മഴക്കാലമെത്തിയതോടെ രോഗങ്ങളും വര്‍ധിച്ചു. പനിയും അനുബന്ധ രോഗങ്ങളുമാണ് ഏറെയും. മഴക്കാല രോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഏഴാം തീയതിവരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഒരാഴ്ചയ്ക്കിടെ 1177 പേര്‍ക്കാണ് ജില്ലയില്‍ പനി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഡെങ്കിപ്പനി കേസുകള്‍ 26 ആണ്. ജില്ലയുടെ മലയോരമേഖലയിലാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍. കടനാട് ഏഴും കാട്ടാമ്പാക്ക് അഞ്ചും ഡെങ്കി കേസുകളുണ്ട്.
വയറിളക്കം 202 കേസുകളാണ് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. മഴ കനക്കുന്നതോടെ രോഗങ്ങള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രഥമം പ്രതിരോധം എന്ന പേരില്‍ ആരോഗ്യവകുപ്പ് പ്രത്യേക കാമ്പയിന് തുടക്കം കുറിച്ചുകഴിഞ്ഞു. 21 വരെയാണ് കാമ്പയിൻ. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ പ്രതിരോധിക്കുകയാണ് ലക്ഷ്യം. മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തടയുന്നതിനായി പൊതു, സ്വകാര്യ കിണറുകളില്‍ ക്ലോറിനേഷന് നടത്തും.
കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കും
മഴക്കാലം ആരംഭിച്ചതോടെ കൊതുകിന്റെ ശല്യം വര്‍ധിച്ചു. രാവിലെയും വൈകുന്നേരവും വീടുകളില്‍ പോലും ഇരിക്കാന്‍ സാധിക്കാത്ത തരത്തില്‍ കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്. മലയോര മേഖലയിലും റബര്‍ത്തോട്ടങ്ങള്‍ കൂടുതലുള്ള പ്രദേശത്തുമാണ് കൊതുകു പെരുകുന്നത്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കാത്തതോടെയാണ് കൊതുകുകള്‍ പെരുകിയത്. ഡെങ്കിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും ഡെങ്കിപ്പനി പ്രതിരോധ കാമ്പയിന് തുടക്കംകുറിച്ചു. വീടുകള്‍, സ്കൂളുകള്‍, തോട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കും. ഒമ്പതുദിവസത്തെ കാമ്പയിനാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. എലിപ്പനി ബാധ തടയുന്നതിന് കര്‍ഷകത്തൊഴിലാളികള്‍, ശുചീകരണത്തൊഴിലാളികള്‍, മീന്‍ പിടിക്കുന്നവര്‍ എന്നിവർക്ക് പ്രതിരോധഗുളികകളും നല്‍കിയിട്ടുണ്ട്.