അധികൃതര്‍ അവഗണിച്ചു; നാട്ടുകാര്‍ പണംപിരിച്ച് വേട്ടമല റോഡ് സഞ്ചാരയോഗ്യമാക്കി
1300997
Thursday, June 8, 2023 12:53 AM IST
കൂത്രപ്പള്ളി: കാലങ്ങളായി അധികാരികള്‍ തിരിഞ്ഞുനോക്കിയില്ല. നാട്ടുകാര്‍ പണം പിരിച്ചെടുത്തു തറേപ്പടി-വേട്ടമല റോഡ് സഞ്ചാരയോഗ്യമാക്കി. ഈ റോഡിന്റെ ഇരുന്നൂറ് മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയത്. 13-ാം വാര്‍ഡിലെ കുര്യന് ടോമിന്റെ ഭവനത്തില്‍ 12, 13 വാർഡുകളിലെ വാര്‍ഡ് മെംബര്‍മാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗമാണ് പണം സമാഹരിച്ച് റോഡ് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ഇതുപ്രകാരം നാട്ടുകാര്‍ ചേര്‍ന്നു സമാഹരിച്ച 18,000 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
വാര്‍ഡ് മെംബര്‍ അഡ്വ. രാജന് തട്ടാരടിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സജ്ജരായപ്പോള്‍ തദ്ദേശവാസിയായ കോണ്ട്രാക്ടര് ബൈജു തൈക്കൂട്ടം യാതൊരു ലാഭേച്ഛയുമില്ലാതെ തന്റെ അഞ്ച് തൊഴിലാളികളെ കൂലിക്കു നല്കി. ജെസിബിക്ക് നല്കി മിച്ചം വന്ന 12,000 രൂപ മാത്രമേ ബൈജു കൈപ്പറ്റിയുള്ളു.
2020ല്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഈ റോഡിന്റെ റീടാറിംഗിനായി നാലുലക്ഷം രൂപ അനുവദിക്കുകയും കരാറുകാരന് എഗ്രിമെന്റ് വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫ്ളെഡ് ഫണ്ടായതിനാല്‍ തുക ലഭിക്കാന്‍ വൈകുമെന്നു പറഞ്ഞു കരാര്‍ ഏറ്റെടുത്തില്ല.
കഴിഞ്ഞവര്‍ഷം 13-ാം വാർഡിലെ മെംബര്‍ 2.70 ലക്ഷം രൂപ ഉള്‍കൊള്ളിച്ചു റോഡിന്റെ റീടാറിംഗിനു ശ്രമിച്ചുവെങ്കിലും കരാറുകാര്‍ കരാര്‍ ഏറ്റെടുത്തില്ല. പല പ്രതിസന്ധികളില്‍ കുടുങ്ങി താറുമാറായി കിടന്ന റോഡാണ് നാട്ടുകാരുടെ ഇടപെടലില്‍ സഞ്ചാരയോഗ്യമായത്.